'വിദേശ പൗരന് അവയവദാനത്തിനായി പതിനെട്ടുകാരനെ മരണത്തിനിരയാക്കി'; കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കെതിരെ കേസ്
Kerala News
'വിദേശ പൗരന് അവയവദാനത്തിനായി പതിനെട്ടുകാരനെ മരണത്തിനിരയാക്കി'; കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2023, 11:19 pm

കൊച്ചി: ബൈക്കപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി വിദേശ പൗരന് അവയവങ്ങള്‍ ദാനം ചെയ്‌തെന്ന പരാതിയില്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്. കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കെതിരെയും അവിടുത്തെ എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

2009 നവംബര്‍ 29ന് നടന്ന അപകടവുമായി ബന്ധപ്പെട്ടാണ് കോടതി കേസെടുത്തത്. ബൈക്കപകടത്തില്‍പ്പെട്ട അഖില്‍ എന്ന പതിനെട്ടുവയസുകാരന്റെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന്
കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ അടുത്ത ദിവസം ലേക്ഷോറിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റുകയായുരുന്നു. പിന്നീട് തൊട്ടടുത്ത ദിവസം അഖിലിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവെക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. യുവാവിന്റെ തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.
അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരാതിയുണ്ട്.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്നും അവയവ ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, ആരോപണങ്ങള്‍ ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. നിര്‍ദേശങ്ങള്‍ പാലിച്ച് , കുടുംബാംഗളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. കോടതി ഉത്തരവിട്ട അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് വി പി എസ് ലേക് ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Content Highlight: Case filed against hospital and doctors for donating organs to a foreign national after giving a report that the young man involved in a bike accident was brain dead