തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു.
കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നെയ്യാറ്റിന്‍കര കീഴാറൂരിലാണ് കഴിഞ്ഞ ദിവസം വാളുകളുമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മെയ് 22നായിരുന്നു സംഭവം നടന്നത്.
മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരെ പരാതി നല്‍കിയിട്ടും പൊലിസ് യാതൊരു നടപടിയും സ്വീകിരിച്ചിട്ടില്ലെന്ന ആരോപണമുണ്ടായിരുന്നു.
CONTENT HIGHLIGHTS: Case filed against ‘Durgavahini’ rally with sword in Thiruvananthapuram under non-bailable section