രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയെന്ന് വ്യാജ വാര്‍ത്ത; ദിനമലര്‍ പത്രത്തിനെതിരെ കേസെടുത്ത് പൊലീസ്
ചെന്നൈ: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയെന്ന് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ കേസെടുത്ത് മധുര സിറ്റി പൊലീസ്. പത്ര സ്ഥാപനത്തിന്റെ ഉടമയ്ക്കും എഡിറ്റര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സാമുദായിക സ്പര്‍ധ സൃഷ്ടിക്കാനും മതങ്ങള്‍ക്കിടയില്‍ വിദ്വേഷവും വിള്ളലുണ്ടാക്കാനും ശ്രമിച്ചുവെന്നതടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ജനുവരി 21ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം സംബന്ധിച്ച ദിനമലറിന്റെ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ 200ലധികം ശ്രീരാമക്ഷേത്രങ്ങളുണ്ടെന്നും എച്ച്.ആറും സി.ഇയും നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളില്‍ ജനുവരി 22ന് ശ്രീരാമന്റെ നാമത്തിലുള്ള പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവ സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്തിയിക്കുകയാണ് എന്നായിരുന്നു നിര്‍മല സീതാരാമന്‍ ആരോപണം.
അയോധ്യ ചടങ്ങുമായി ബന്ധപ്പെട്ട പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നതില്‍ നിന്ന് ക്ഷേത്രങ്ങളെ തടയാന്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നും പ്രതിഷ്ഠ ദിനത്തില്‍ ശ്രീരാമന്റെ പേരില്‍ എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നത് കണ്ടാല്‍ പന്തലുകള്‍ വലിച്ചുകീറുമെന്ന് സംഘാടകരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി ആരോപിച്ചിരുന്നു.
എന്നാല്‍ തമിഴ്‌നാട് ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് മന്ത്രി പി.കെ. ശേഖര്‍ ബാബു നിര്‍മല സീതാരാമന്റെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് കോണ്‍ഫറന്‍സില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനായി എതിര്‍പക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ശേഖര്‍ ബാബു ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Case filed against Dinamalar newspaper over fake news that Tamil Nadu government banned live telecast of Ram temple