| Wednesday, 6th September 2023, 11:26 pm

ഉദയനിധിയുടെ പ്രസ്താവനയില്‍ അപവാദ പ്രചരണം; ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ തിമിഴ്‌നാട്ടില്‍ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ അപവാദ പ്രചരണം നടത്തിയതിന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തു.

ഉദയനിധിയുടെ വിവാദമായ ‘സനാതന ധര്‍മ്മ’ പരാമര്‍ശം 80 ശതമാനം ജനങ്ങളേയും ‘വംശഹത്യ’ക്കുള്ള ആഹ്വാനമാണെന്ന് എക്സിലൂടെ മാളവ്യ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസ്. ട്രിച്ചി സൗത്ത് ജില്ലാ ഡി.എം.കെ നേതാവ് കെ.എ.വി. ദിനകരന്റെ പരാതിയില്‍ തമിഴ്നാട്ടിലെ ട്രിച്ചി പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ(ഐ.പി.സി) സെക്ഷന്‍ 153, 153 (എ), 504, 505 (1) (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന തരത്തില്‍ ആദ്യം പ്രചരിപ്പിച്ചത് അമിത് മാളവ്യ ആയിരുന്നു. തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ഇത് ഏറ്റെടുത്തത്. അമിതിന്റെ എക്‌സ് പോസ്റ്റ് ദ്രുവീകരണം ലക്ഷ്യം വെച്ച് വളച്ചൊടിക്കുന്നതാണെന്ന് ഉദയനിധി സ്റ്റാലിനും ആരോപിച്ചിരന്നു.

ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി ഉയര്‍ത്തിയ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അയോധ്യയിലെ തപസ്വി ഛവാനി ക്ഷേത്രത്തിലെ സന്യാസിയായ രാമചന്ദ്ര ദാസ് പരംഹന്‍സ് ആചാര്യയ്ക്കെതിരെ മധുരൈ സൈബര്‍ ക്രൈം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡി.എം.കെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് ഈ കേസ്.

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് ജഗദ്ഗുരു പരമഹംസ ആചാര്യ ആഹ്വാനം ചെയ്തിരുന്നു. പ്രതീകാത്മകമായി ഉദയനിധിയുടെ തലവെട്ടുന്നതും, അദ്ദേഹത്തിന്റെ ചിത്രം കത്തിക്കുന്നതുമായ വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു.

Content  Highlight: Case filed against BJP IT cell chief Amit Malviya Tamil Nadu

We use cookies to give you the best possible experience. Learn more