| Wednesday, 2nd April 2025, 10:07 am

കോഴിക്കോട് ഖനന സമരത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പയൂര്‍: കോഴിക്കോട് പുറക്കാമലയില്‍ ഖനനവിരുദ്ധ സമരത്തില്‍ പങ്കെടുത്ത പതിനഞ്ചുകാരനെതിരെ കേസ്. സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ കുട്ടിയുടെ പേര് കൂട്ടിചേര്‍ക്കുകയായിരുന്നു.

നിലവില്‍ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ പതിനഞ്ചുകാരന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ ഖനനത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സമരത്തിനിടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ കുട്ടി പൊലീസ് അതിക്രമം നേരിട്ടിരുന്നു.

കഴിഞ്ഞ 12 വര്‍ഷമായി പുറക്കാമലയിലെ ക്വാറിക്കെതിരെ ജനകീയ സമരം നടന്നുവരികയാണ്.പുറക്കാമലയും അതിന്റെ താഴ് വാര്‍ത്തുള്ള 1500 ഏക്കര്‍ കരുവോട് ചിറയും സംരക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

മലയില്‍ ഖനനം തുടങ്ങിയതിന് ശേഷം വന്യജീവികളെ വലിയ രീതിയില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു.

ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നാണ് മേപ്പയൂര്‍ പഞ്ചായത്ത് പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തൃപ്തികരമായ ഖനനം ഉണ്ടാകുന്നതുവരെ ഖനനം അനുവദിക്കില്ലെന്നാണ് സമര സമിതിയുടെ നിലപാട്.

സമരത്തിനിടെ ഹൈക്കോടതി ഉത്തരവോടെ ഖനനത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിലാണ് പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്. മുടിയില്‍ കുത്തിപിടിച്ചാണ് പൊലീസ് കുട്ടിയെ വാനിലേക്ക് കൊണ്ടുപോയത്.

Content Highlight: Case filed against 15-year-old who participated in Kozhikode mining strike

We use cookies to give you the best possible experience. Learn more