ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള കേസില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറും ആക്ടിവിസ്റ്റുമായ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. കേസ് വീണ്ടും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
2014 മെയ് മാസത്തിലാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് യു.എ.പി.എ ചുമത്തി സായിബാബയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലെയുള്ള മാവോയിസ്റ്റ് വിരുദ്ധ നടപടികളിലെ മനുഷ്യാവകാശ ലംഘനങ്ങളെ നിരന്തരം വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു സായിബാബ. 90 ശതമാനവും ശരീരം തളര്‍ന്ന 55കാരനായ സായിബാബ വീല്‍ചെയറിലാണ് കഴിയുന്നത്.
2017ല്‍ സായിബാബക്കൊപ്പം മറ്റ് അഞ്ച് പേരെയും ഗഡ്ചിറോളി സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. ജീവപര്യന്തം തടവാണ് കേസില്‍ സായിബാബക്ക് കോടതി വിധിച്ചത്. തുടര്‍ന്ന് നാഗ്പൂര്‍ ജയിലിലായിരുന്നു അദ്ദേഹം. സായിബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം.
ഗഡ്ചിറോളി സെഷന്‍സ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്.
2022 ഒക്ടോബറിലാണ് സായിബാബ, മഹേഷ് തിക്രി, ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് തിക്രി എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ കുറ്റാരോപിതനായിരുന്ന പാണ്ഡു നരോട്ടെ മരണപ്പെട്ടിരുന്നു. ജയിലധികൃതരുടെ അനാസ്ഥയാണ് നരോട്ടെയുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.
ആര്‍. ബസന്ത്, നിത്യ രാമകൃഷ്ണ, ഷദന്‍ ഫറസത്ത് എന്നീ അഭിഭാഷകരാണ് കുറ്റാരോപിതര്‍ക്കായി ഹാജരായത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത്.
Content Highlights: Case Alleged Maoist Links; The Supreme Court quashed the acquittal of Saibaba