കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളിയായ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷിനെതിരെ കേസ്.
രാഗേഷ് പറഞ്ഞത് അനുസരിച്ചാണ് കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചതെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശി നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെ പ്രതിചേര്‍ത്തിരിക്കുന്നത്.
ടി.പി വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഗേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാല്‍മുട്ടുവേദനയാണെന്നും 20 ദിവസത്തേക്ക് ഹാജരാകാന്‍ ആകില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പരിപാടികളില്ലെല്ലാം രാഗേഷ് സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടാണ് കേസില്‍ ഒരു സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പ്രതിയാകുന്നത്.
രാഗേഷിനോടൊപ്പം തന്നെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പൊന്നത്ത് കുമാരന്‍, പൊന്നത്ത് രാജന്‍, കളത്തില്‍ യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.