ലക്‌നൗ: ഹിന്ദു ദേവതകളെ അപമാനിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയടക്കം ആറുപേര്‍ക്കെതിരെ തെളിവില്ലെന്ന് മധ്യപ്രദേശ് പൊലീസ്.
ഇതിനു പിന്നാലെ ഫാറൂഖിയ്‌ക്കെതിരെ പുതിയ കേസ് ചാര്‍ജ് ചെയ്ത് യു.പി പൊലീസ് രംഗത്തെത്തി. ഫാറൂഖി തടവില്‍ കഴിയുന്ന ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലേക്ക് യു.പി കോടതി വാറന്റ് പുറപ്പെടുവിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2020 മേയില്‍ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നാരോപിച്ചാണ് ഫാറൂഖിയ്‌ക്കെതിരെ യു.പി പൊലീസ് കേസെടുത്തിരിക്കുന്നത്. യു.പി പൊലീസ് നല്‍കിയ ഹരജിയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഫാറൂഖിയുടെ അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, ഫാറൂഖിയ്‌ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ മധ്യപ്രദേശ് പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ ഫാറൂഖിയ്ക്ക് ജാമ്യം അനുവദിക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഫാറൂഖിയുള്‍പ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ‘കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം,’ ഇന്‍ഡോര്‍ പൊലീസ് ഇന്‍ചാര്‍ജ് കമലേഷ് ശര്‍മ്മ പറഞ്ഞു.
ഹിന്ദ് രക്ഷക് സംഘതന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫറൂഖി ഇതിനു മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ പരിപാടിക്കിടെ നടത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ പരിപാടിയെപ്പറ്റി ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു. സത്യം നേരിട്ടറിയാനാണ് ഞങ്ങളെത്തിയത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കുക മാത്രമല്ല, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെയും ഗുരുതരാരോപണമാണ് ഫറൂഖി നടത്തിയത്. ഗോധ്ര സംഭവത്തില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്, ഗൗര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ പ്രതിഷേധം നടത്തിയെന്നും ഫറൂഖിയുള്‍പ്പടെയുള്ള സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഗൗര്‍ പറഞ്ഞു.
മുനാവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Case Aganist Munavar Farookhi