വൈത്തിരി: വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വിദ്വേഷ പ്രചരണം നടത്തിയതില്‍ കെ. ജാമിദക്കെതിരെ കേസെടുത്ത് പൊലീസ്. ‘ജാമിദ ടീച്ചര്‍ ടോക്‌സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ജാമിദ വിദ്വേഷ പ്രചരണം നടത്തിയതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിലൂടെ ഇരുമത വിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ കെ. ജാമിദ ശ്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരാതിയിലെ അന്വേഷണചുമതല ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസിനാണ്. അന്വേഷണത്തിന്റെ ഭാഗമായി ജാമിദ ടീച്ചര്‍ ടോക്‌സില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന മറ്റു വീഡിയോകള്‍ പരിശോധനക്ക് വിധേയമാക്കിയേക്കാമെന്നും പൊലീസ് അറിയിച്ചു.
ഫെബ്രുവരി 18നായിരുന്നു സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു.
സര്‍വകലാശാല ക്യാമ്പസിന്റെ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും വെച്ചാണ് സിദ്ധാര്‍ത്ഥന്‍ മര്‍ദനത്തിനിരയായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്നുണ്ടായ നിസ്സഹായതയും മൂലമുള്ള കടുത്ത മനോവിഷമത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നിഗമനം.