| Monday, 13th May 2019, 8:59 am

ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി; ശിവകുമാറിന്‍റെ പേഴ്‌സനല്‍ സ്റ്റാഫിന്റെ മകള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ മകള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനു കേസ്. വി എസ് ശിവകുമാര്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന വാസുദേവന്‍നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ആധാര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി മുങ്ങിയെന്നാണ് ശാസ്തമംഗലം സ്വദേശി ഇന്ദുജ വി. നായര്‍ക്കെതിരായ പരാതി. പണം നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരില്‍ നിന്നും രണ്ടു മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം പേരെ ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയെന്നു പരാതി നല്‍കിയവര്‍ പറയുന്നു.

ഇരുപത്തഞ്ചോളം ഉദ്യോഗാര്‍ഥികളില്‍നിന്ന് അഞ്ചു ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. ആധാര്‍ സേവനകേന്ദ്രങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്നു മാസങ്ങളില്‍ ശമ്പളമില്ലെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപവരെ ശമ്പളം നല്‍കാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി രണ്ടു ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങി. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവര്‍ക്ക് വ്യാജ നിയമനക്കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് നിയമന ഉത്തരവ് നല്‍കിയതെന്നും പരാതിയിലുണ്ട്.

പട്ടം പ്ലാമൂട് മരപ്പാലത്തെ ഓഫീസിലടക്കം പൊലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ മുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മ്യൂസിയം ക്രൈം എസ്.ഐ പുഷ്പകുമാറിനാണ് അന്വേഷണച്ചുമതല.

അതേസമയം ഇന്ദുജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തു.

We use cookies to give you the best possible experience. Learn more