കേസന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞദിവസം സര്‍ക്കാറിനെയും വിജിലന്‍സിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വി.എം രാധാകൃഷ്ണന്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വി.എം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്ന് ചോദിച്ച കോടതി ഒരാഴ്ചക്കുള്ളില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശം വന്നത്.
പാലക്കാട് വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുക്കാതെ പ്രതികള്‍ക്ക് മുമ്പില്‍ കുമ്പിട്ട് നിന്നത് സര്‍ക്കാരിന്റെ ഉന്നത ഇടപെടല്‍ മൂലമാണോ എന്നും ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. തൃശൂര്‍ സ്വദേശി ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഇന്നലെ ഉണ്ടായത്.
ഗൗരവമുളള കുറ്റങ്ങള്‍ ബോധ്യപ്പെട്ടിട്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിജിലന്‍സ് ഡയറക്ടറെയും ഒരു പ്രതിയൊഴികെ മറ്റുളളവര്‍ക്ക് എതിരെ കേസുകള്‍ വേണ്ടെന്ന് വെച്ച അഡി. ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് കമാല്‍പാഷയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരാഴ്ചക്കുള്ളില്‍ കേസ് എടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ബി കമാല്‍പാഷ ഉത്തരവിട്ടിരുന്നു.
കമ്പനി ഇടപാടുകളിലെ ക്രമക്കേട് മൂലം 2012-2013ലും 2014-15ലും ലാഭത്തില്‍ വന്‍ഇടിവുണ്ടായെന്നാണ് ആരോപണം. വ്യവസായിയായ വി.എം.രാധാകൃഷ്ണന്‍, മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി എം.സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.വടിവേലു എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധനയില്‍ കണ്ടെത്തിയിരുന്നു.