| Wednesday, 14th November 2018, 9:09 am

'സര്‍ക്കാരിന്' കേരളത്തിലും കുരുക്ക്; വിജയ്ക്ക് എതിരെ തൃശൂരില്‍ കേസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൃശ്ശൂര്‍: എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ ഗംഭീര വിജയവുമായി ഓടികൊണ്ടിരിക്കെ ചിത്രത്തിലെ നായകന്‍ വിജയ്‌ക്കെതിരെ കേരളത്തില്‍ കേസ്. ചിത്രത്തിലെ പുക വലിക്കുന്ന പോസ്റ്ററിന് എതിരെയാണ് വിജയ്ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്

പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരം ക്രിമനില്‍ കേസാണ് എടുത്തിരിക്കുന്നത് വിജയ് ആണ് ഒന്നാം പ്രതി. നിര്‍മ്മാതാവും വിതരണക്കാരും രണ്ടും മൂന്നും പ്രതികളാവും. ഇത് സംബന്ധിച്ച് തൃശൂര്‍ ഡി.എം.ഒ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ചിത്രത്തിലെ പുകവലിക്കുന്ന വിജയുടെ ചിത്രം വെച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചതാണ് കേസ് എടുക്കാന്‍ കാരണമായത്. വിജയ് ഫാന്‍സുകാര്‍ വെച്ച പോസ്റ്ററുകളിലും കട്ട്ഔട്ടുകളിലും പുകവലിക്കുന്ന ചിത്രമുണ്ടായിരുന്നു. ഇതിലൊന്നും തന്നെ പുകവലിക്കെതിരെയുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ്.

Also Read  ജയലളിത നല്‍കിയ ടിവിയും ലാപ്‌ടോപ്പും മിക്‌സിയും കത്തിച്ച് വിജയ് ആരാധകര്‍; പ്രതിഷേധം സര്‍ക്കാര്‍ സിനിമയിലെ രംഗം പിന്‍വലിച്ചതിന്റെ പേരില്‍

ഡി.എം.ഒക്ക് ലഭിച്ച പരാതിയുടെ പുറത്താണ് ,കേസ് എടുത്തിരിക്കുന്നത്. കേസില്‍ പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കും രണ്ട് വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം കോടതി നോട്ടീസ് അയച്ചാല്‍ വിജയ് തൃശ്ശൂരിലേക്ക് എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

അതേസമയം ചിത്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എഡി.എം.കെ “സര്‍ക്കാരി”നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എ.ഐ.എഡി.എം.കെ നേതാക്കള്‍ ആരോപിച്ചിരുന്നു.

ചിത്രത്തില്‍ നിന്നും വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ ചില മന്ത്രിമാര്‍ നേരത്തേ പറഞ്ഞിരുന്നു. വിജയ് ഒരു നക്സലൈറ്റ് ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണെന്നും തമിഴ്നാട് നിയമ മന്ത്രി സി വി ഷണ്‍മുഖന്‍ പറഞ്ഞിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more