| Monday, 23rd October 2017, 8:02 pm

മെര്‍സല്‍ വിവാദം തിയ്യറ്ററും കടന്ന്; വിജയിക്കെതിരെ മത വികാരം വ്രണപ്പെടുത്തിയതിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മെര്‍സല്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍ ചിത്രത്തിലെ നായകന്‍ വിജയിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്. മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് മധുര പൊലീസ് കേസെടുത്തിരിക്കുന്നത്. മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് മധുര പൊലീസ് വിജയിനെതിരെ കേസെടുത്തിരിക്കുന്നത്.

മെര്‍സലില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന വിജയിന്റെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, മെര്‍സല്‍ വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന് പിന്തുണയുമായെത്തുകയും ബി.ജെ.പിയെ വിമര്‍ശിക്കുകയും ചെയ്ത നടനും നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലവനുമായ വിശാലിനെതിരേയും നടപടിയുണ്ടായിരുന്നു.

വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി റെയ്ഡ് നടത്തുകയായിരുന്നു. തമിഴ്നാട് വടപളനിയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി എന്ന പേരില്‍ നടന്‍ വിശാലിന്റെ ഉടമസ്ഥതയിലുള്ള ഓഫീസിലായിരുന്നു റെയ്ഡ് നടന്നത്.


Also Read: ‘ഹാര്‍ദ്ദികിനും ജിഗ്നേഷിനും നിശബ്ദരാകാന്‍ കഴിയില്ല; ലോകത്തിലെ മൊത്തം സമ്പത്തിനു പോലും ഗുജറാത്തിന്റെ ശബ്ദത്തെ വാങ്ങാന്‍ സാധിക്കില്ല’; രാഹുല്‍ ഗാന്ധി


മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെയാണ് വിശാല്‍ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന താരത്തിനെതിരെ ജി.എസ്.ടി ഇന്റലിജന്‍സിന്റെ റെയ്ഡ് എന്നത് ശ്രദ്ധേയമാണ്. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.

ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ ബാങ്ക് അക്കൗണ്ടുകളും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.

അതേസമയം, വിശാല്‍ ജി.എസ്.ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ചില പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more