കളമശ്ശേരി സ്‌ഫോടനത്തില്‍ മഅദനിക്കെതിരെ വിദ്വേഷ പ്രചരണം; രണ്ട് പേര്‍ക്കെതിരെ കേസ്
Kerala News
കളമശ്ശേരി സ്‌ഫോടനത്തില്‍ മഅദനിക്കെതിരെ വിദ്വേഷ പ്രചരണം; രണ്ട് പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 9:37 am

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷകരമായ പ്രചരണം നടത്തിയതില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് തൃക്കാക്കര പൊലീസ്. ലസിത പാലക്കല്‍, ആര്‍. ശ്രീജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇരുവരുടെയും പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വിദ്വേഷവും വിഭാഗീയതയും സൃഷ്ട്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഷറഫ് വാഴക്കാല നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും മനഃപൂര്‍വം വിഭാഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇനിയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ സ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ എന്നയാളാണെന്നും, ഇയാള്‍ യഹോവയുടെ സാക്ഷിസഭയിലെ അംഗമാണെന്നുംഎ.ഡി.ജി.പി അജിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ദുഷ്പ്രചരണം നടത്തിയവര്‍ അവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയുമുണ്ടായി. സംഭവത്തെ ഹമാസുമായി കൂട്ടിക്കെട്ടി പ്രചാരണം നടത്തിയവര്‍ വരെ ഉണ്ടായിരുന്നു.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ‘ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, സൂക്ഷിക്കുക കേരളമേ’ എന്നായിരുന്നു ജനം ടി.വിയുടെ സ്ഫോടനത്തിന്റെ വാര്‍ത്താകാര്‍ഡ് പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചിരുന്നത്. ബി.ജെ.പി നേതാവ് സന്ദീപ് വാര്യറും സമാന അര്‍ത്ഥം വരുന്ന പോസ്റ്റുമായി രംഗത്ത് വന്നിരുന്നെങ്കിലും ആ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.

സംഭവത്തില്‍ മുന്‍വിധിയോട് കൂടി മുസ്ലിം വിഭാഗത്തില്‍പെട്ടവരെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഒരുപാട് ആളുകള്‍ രംഗത്തെത്തിയിരുന്നു. വിവിധ ചാനലുകളുടെ യുട്യൂബ് സ്ട്രീമിങ്ങില്‍ കമന്റുകളുമായിട്ടായിരുന്നു ഇത്തരത്തിലുള്ളവര്‍ എത്തിയത്. കേരളത്തില്‍ വിവിധ കേസുകള്‍ നേരിടുന്ന മറുനാടന്‍ മലയാളിയെന്ന നവമാധ്യമവും ഇത്തരത്തിലുള്ള പ്രചരണം നടത്തിയവരില്‍ ഉള്‍പ്പെടുന്നു.

Content Highlight:  Case against two persons who spread hate propaganda against Mahdani in Kalamassery blast