| Saturday, 1st February 2014, 9:36 am

ചട്ടലംഘനത്തിന് ടി.പി വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഒമ്പത് പ്രതികള്‍ക്കെതിരെ ജയില്‍ചട്ടലംഘനത്തിന് പോലീസ് കേസെടുത്തു.

വാര്‍ഡര്‍മാരോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് നല്‍കിയ നിര്‍ദേശത്തെതുടര്‍ന്നാണ് കേസെടുത്തത്.

ജയിലിലെത്തിയപ്പോള്‍ മുതല്‍ അച്ചടക്കലംഘനം നടത്തുന്നതായി പരാതിയില്‍ പറയുന്നു. വാര്‍ഡര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ജയിലില്‍ മുദ്രാവാക്യം വിളിച്ചതായും പരാതിയിലുണ്ട്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ഒമ്പത് പ്രതികളെയും വ്യാഴാഴ്ച രാത്രിയോടെയാണ് വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്.

ജയിലിനുള്ളില്‍ പ്രതികള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നുവെന്ന വിവാദം ശക്തമായ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരിക്കല്‍ ബോംബ് സ്‌ക്വാഡ് ജയിലില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ടി.പി വധക്കേസ് പ്രതകളെ പരസ്പരം കാണാത്ത രീതിയിലുള്ള പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

ജയില്‍ വാര്‍ഡന്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നാല് പ്രതികളെ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട്‌പോയിരുന്നു.

മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന് സി.പി.ഐ.എം എം.എല്‍.എമാര്‍ ഇവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതികളെ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള നടപടിയുണ്ടായത്.

We use cookies to give you the best possible experience. Learn more