Advertisement
Kerala News
ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെയും നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 13, 02:06 am
Monday, 13th May 2024, 7:36 am

വടകര: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെ കേസ്. ആക്രമണത്തില്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഹരിഹരന്റെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വീടിന് നേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്. ഹരിഹരന്‍ പ്രതികരിക്കുകയുണ്ടായി.

ഞായറാഴ്ച രാത്രി 8.15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. നടന്നത് ബോംബാക്രമണമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആണെന്ന സംശയവും ഹരിഹരന്‍ ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാറിലെത്തിയ ആറംഗസംഘം ഞായറാഴ്ച രാവിലെ മുതല്‍ വീടിനെ റൗണ്ട് ചുറ്റിയിരുന്നെന്നും ഹരിഹരന്‍ പറഞ്ഞിരുന്നു. ആര്‍.എം.പി നേതാവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉയര്‍ന്ന ഭീഷണികളെ തുടര്‍ന്ന് വടകര എം.എല്‍.എ കെ.കെ. രമ ഹരിഹരന് പരിരക്ഷ ഒരുക്കണമെന്ന് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയെയും നടി മഞ്ജു വാര്യരെയും ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തില്‍ ഹരിഹരനെതിരെ പൊലീസ് കേസെടുത്തു. വടകര മഹിളാ അസോസിയേഷന്റെ പരാതിയിലാണ് നടപടി. വടകര പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ലഹളയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നാണ് എഫ്.ഐ.ആര്‍.

Content Highlight: Case against three persons in attack on Hariharan’s house