| Tuesday, 23rd April 2019, 12:23 pm

കൈപ്പത്തിക്ക് വോട്ടു ചെയ്താല്‍ താമരയ്ക്കു പോകുന്നെന്ന പരാതി: പരാതിപ്പെട്ടവര്‍ക്കെതിരെ പൊലീസ് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. തിരുവനന്തപുരം ചൊവ്വരയില്‍ നിന്നും പരാതി ഉന്നയിച്ചവര്‍ക്കും പട്ടത്തു നിന്നും പരാതി നല്‍കിയ എബിനെതിരെയുമാണ് കേസെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.

രണ്ട് പരാതിയാണ് ചൊവ്വരയില്‍ നിന്നും ഉയര്‍ന്നത്. ഒന്നാമത് കോണ്‍ഗ്രസിന് വോട്ടു ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ടു വീഴുന്നുവെന്നതാണ്. രണ്ടാമത്തേത് കോണ്‍ഗ്രസിനു വോട്ടു ചെയ്യുമ്പോള്‍ അതിനുനേരെയുള്ള ബട്ടണില്‍ ലൈറ്റ് തെളിയിരുന്നില്ലയെന്നത്. ഈ രണ്ട് പരാതികളും പരിശോധിച്ചുവെന്നും എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നുമാണ് ജില്ലാ കലക്ടറുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും വിശദീകരണം.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

ഇത്തരത്തില്‍ പരാതി ഉണ്ടായാല്‍ പരാതി തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഉന്നയിച്ച ആള്‍ക്കാണ്. അതുമായി ബന്ധപ്പെട്ടൊരു സത്യവാങ്മൂലം പരാതിക്കാരന്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് നല്‍കണം. പരാതിയില്‍ അടിസ്ഥാനമില്ലയെന്നാണ് കണ്ടെത്തിയതെങ്കില്‍ പരാതി ഉന്നയിച്ചയാള്‍ വ്യാജ പരാതി നല്‍കിയെന്ന നിഗമനത്തില്‍ എത്തുകയും അയാള്‍ക്കെതിരെ ചട്ടപ്രകാരം കേസെടുക്കുകയും ചെയ്യും.

തിരുവനന്തപുരത്തെ രണ്ട് ബൂത്തുകളിലാണ് ചിഹ്നം മാറി വോട്ടു രേഖപ്പെടുത്തുന്നുവെന്ന പരാതി ഉയര്‍ന്നത്. രാവിലെ വോട്ടെടുപ്പ് തുടങ്ങിയതോടെ കോവളത്തെ ചൊവ്വരയില്‍ നിന്നാണ് ആദ്യം പരാതി ഉയര്‍ന്നത്. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തുവന്നത്. കൈപ്പത്തിക്ക് വോട്ടുരേഖപ്പെടുത്തിയാല്‍ താമരയ്ക്കു പോകുന്നുവെന്നായിരുന്നു വോട്ടര്‍മാരുടെ പരാതി.

രേഖാമൂലം പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ 76 വോട്ടുകള്‍ ചെയ്തശേഷം ചൊവ്വരയിലെ 151ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കുശേഷം പരാതിയില്‍ കഴമ്പില്ലെന്നാണ് മുഖ്യ വരണാധികാരി കൂടിയായ കലക്ടര്‍ പറഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണയും ഇതേനിലപാട് ആവര്‍ത്തിച്ചു.

ഇതിനു പിന്നാലെയാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നത്. വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തിലെ ബൂത്താണിത്. എബിന്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തുവന്നത്.

താന്‍ ഒരുപാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വേണ്ടി ആ ചിഹ്നത്തില്‍ അമര്‍ത്തി. എന്നാല്‍ വി.വിപാറ്റ് യന്ത്രത്തില്‍ കണ്ടത് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമാണെന്നായിരുന്നു എബിന്റെ പരാതിയില്‍ പറയുന്നത്. ഈ പരാതിയിലും കഴമ്പില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more