തിരുവഞ്ചൂരിനെ തടഞ്ഞ സംഭവം: ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്തു
Daily News
തിരുവഞ്ചൂരിനെ തടഞ്ഞ സംഭവം: ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2014, 11:17 am

joice-george1[]അടിമാലി: വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്തു. ജോയ്‌സിനും കണ്ടാലറിയാവുന്ന ഇരുപത്തഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. മന്ത്രിയെ തടഞ്ഞു, ന്യായവിരുദ്ധമായി സംഘം ചേര്‍ന്നു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.അടിമാലി സി.ഐ. ജിനദേവനാണ് അന്വേഷണ ചുമതല.

വനപാലകര്‍ പൊളിച്ച കലുങ്കുകള്‍ സന്ദര്‍ശിച്ച് മടങ്ങിയ തിരുവഞ്ചൂരിനെ ജോയ്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഇടുക്കി എളംബ്ലാശേരിയിലായിരുന്നു സംഭവം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലുങ്കുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നാട്ടുകാരുടെയും ആദിവാസികളുെടയും നേതൃത്വത്തില്‍ വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് എളംബ്ലാശേരിയില്‍നിന്ന് പോലീസ് വാഹനത്തിലാണ് മന്ത്രി അഞ്ചു കലുങ്ക് കാണാന്‍പോയത്.

എന്നാല്‍ നാലെണ്ണംമാത്രം കണ്ടു. തിരിച്ച് മന്ത്രിയും സംഘവും തിരിച്ചെത്തിയപ്പോള്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയണമെന്ന് ജോയ്‌സ് ജോര്‍ജ് ആവശ്യപ്പെടുകയായിരുന്നു. കലുങ്ക് വനപാലകര്‍ പൊളിച്ചസംഭവം സംബന്ധിച്ചും ഇതില്‍ വനംവകുപ്പിന്റെ തീരുമാനം സംബന്ധിച്ചും ഇവിടെ വെച്ച് മന്ത്രി വിശദീകരണം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

എന്നാല്‍ പെരുമഴയത്ത് റോഡില്‍ നിന്ന് തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിച്ചതോടെ എം.പിയും മന്ത്രിയും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കൂടെയുണ്ടായവര്‍ മന്ത്രിയുടെ വാഹനം തടയുകയുമായിരുന്നു.

നിരവധി ആദിവാസികളും എം.പി.യോടൊപ്പം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി വാഹനത്തില്‍ കയറാതെ പോലീസ് അകമ്പടിയോടെ മുമ്പോട്ടു നീങ്ങി. ഈസമയം എം.പി. മന്ത്രിയുടെ മുമ്പില്‍ക്കയറി നില്‍ക്കുകയും കലുങ്ക് സംഭവത്തില്‍ വിശദീകരണം വേണമെന്ന് വീണ്ടും ആവശ്യപ്പെടുകയുംചെയ്തു. ഉദ്യോഗസ്ഥരോട് ചര്‍ച്ചചെയ്ത് പറയാം എന്ന് മന്ത്രി പറഞ്ഞെങ്കിലും എം.പി. സമ്മതിച്ചില്ല.

ആദിവാസികള്‍ക്കായി ഒരു പ്രഖ്യാപനം മന്ത്രി ഇവിടെ നടത്തണമെന്ന് ആവശ്യപ്പെട്ടു. അതിലുള്ള ബുദ്ധിമുട്ട് മന്ത്രി അറിയിച്ചു. ഇതിനിടെ ആദിവാസികളും മന്ത്രിക്കെതിരെ തിരിഞ്ഞു. സംഭവസ്ഥലത്ത് ഉന്തും തള്ളുമായി.

മൂന്നാര്‍ എ.എസ്.പി വിക്രമന്റെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ മന്ത്രിയെ സുരക്ഷാവലയത്തിലാക്കി. ഇതിനിടെ ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ് ആക്രമിച്ചെന്നാരോപിച്ച് ജോയ്‌സ് ജോര്‍ജ് മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു.

“ഞങ്ങളുടെ എം.പി.യെ മര്‍ദിച്ചവരെ വെറുതെവിടില്ലെ”ന്ന മുദ്രാവാക്യവുമായി ആദിവാസികള്‍ കൂട്ടത്തോടെ റോഡില്‍ കുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍വശത്തും കൂട്ടംചേര്‍ന്നു. എ.എസ്.പി. വിക്രമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവിഭാഗത്തെയും ശാന്തരാക്കി. ഇതിനിടെ മന്ത്രി സംഭവസ്ഥലത്തുനിന്നു പോയി.

മന്ത്രി പോയശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എളംബ്ലാശേരിയില്‍ റോഡ് ഉപരോധിച്ചു. എം.പി. സ്ഥലത്തുനിന്നു പോയില്ലെന്നു മനസ്സിലാക്കിയ ഇവര്‍ ജോയ്‌സ് ജോര്‍ജിനെ വഴിയില്‍ തടയാന്‍ തീരുമാനിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ എം.പി.ക്കായി അരമണിക്കൂര്‍ റോഡില്‍ കാത്തുനിന്നെങ്കിലും എം.പി. എത്തിയില്ല. പിന്നീട് ഇവര്‍ സ്വമേധയാ പിരിഞ്ഞുപോയി.

എം.എല്‍.എ.മാരായ എസ്.രാജേന്ദ്രന്‍, ടി.യു.കുരുവിള, ഇടുക്കി ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ്, എ.കെ.മണി, ഡീന്‍ കുര്യാക്കോസ്, ജോര്‍ജ് തോമസ് തുടങ്ങി നിരവധി നേതാക്കള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.

മലയോരഹൈവേയില്‍ എട്ടുമീറ്ററില്‍ പൊതുമരാമത്ത് വകുപ്പ് പണിത അഞ്ചു കലുങ്ക് വനപാലകര്‍ പൊളിച്ചിരുന്നു. അനുമതിയില്‍ കൂടുതല്‍ വീതിയില്‍ പണിതെന്നായിരുന്നു ആരോപണം. തകര്‍ത്ത കലുങ്കുകള്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എം.പി. അഞ്ചുദിവസം നേര്യമംഗലത്ത് സത്യാഗ്രഹം നടത്തിയിരുന്നു. ഒടുവില്‍ മന്ത്രി സംഭവസ്ഥലം നേരിട്ടു സന്ദര്‍ശിക്കാമെന്ന ഉറപ്പിന്മേലാണ് നിരാഹാരം അവസാനിപ്പിച്ചത്. ഈ വ്യവസ്ഥപ്രകാരമാണ് മന്ത്രി ശനിയാഴ്ച ഇവിടെയെത്തിയത്.