| Friday, 16th February 2024, 6:56 pm

നഗരമധ്യത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ്‌ എം. രാധാകൃഷ്ണനെതിരെ കേസെടുത്ത് കന്റോന്മെന്റ് പൊലീസ്.

ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. എ.കെ.ജി സെന്ററിന് സമീപത്ത് വെച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിയോട് ബൈക്കിൽ മുണ്ടുടുത്ത് വന്നയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

പ്രതിയുടെ വണ്ടിയുടെ നമ്പറും വേഷവും പരാതിക്കാരി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

എ.കെ.ജി സെന്ററിന് സമീപത്തെ എഴോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രാധാകൃഷ്ണനെ തിരിച്ചറിഞ്ഞത്. രാധാകൃഷ്ണനെ പ്രതിചേർത്ത് കോടതിയിൽ ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

രാധാകൃഷ്ണനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. എന്നാൽ യുവതിയുമായി വാക്കേറ്റമുണ്ടായെന്ന് സമ്മതിച്ച രാധാകൃഷ്ണൻ ലൈംഗിക ചുവയോടെ സംസാരിച്ചിട്ടില്ല എന്നാണ് പറയുന്നത്.

2019ൽ സഹപ്രവർത്തകയായ മാധ്യമപ്രവർത്തകരുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര അക്രമം നടത്തിയ കേസിലും രാധാകൃഷ്ണൻ പ്രതിയായിരുന്നു. സംഭവത്തെ തുടർന്ന് കേരളകൗമുദി പത്രത്തിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പുതിയ കേസ്.

Content Highlight: Case against Thiruvananthapuram Press Club President M Radhakrishnan for sexual offence

We use cookies to give you the best possible experience. Learn more