ഉത്തര്‍പ്രദേശില്‍ അനധികൃതമായി മാധ്യമപ്രവര്‍ത്തകന്റെ വീട് തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
national news
ഉത്തര്‍പ്രദേശില്‍ അനധികൃതമായി മാധ്യമപ്രവര്‍ത്തകന്റെ വീട് തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2025, 2:07 pm

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ മനോജ് തിബ്രേവാള്‍ ആകാശിന്റെ വീട് അനധികൃതമായി തകര്‍ത്തതില്‍ മുന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള 26 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് പൊലീസാണ് ക്രിമിനല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൈനാമിറ്റ് ന്യൂസിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ മനോജ് തിബ്രേവാളിന്റെ വീടാണ് അനധികൃതമായി നിര്‍മിച്ചതെന്നാരോപിച്ച് മുന്നറിയിപ്പില്ലാതെ പൊളിച്ചത്. ജില്ലാ മജിസ്‌ട്രേറ്റും  പൊലീസുകാരും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമടക്കം 26 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

185 കോടി രൂപ ചെലവില്‍ ദേശീയപാത 730ന്റെ നിര്‍മാണത്തില്‍ ക്രമക്കേടും അഴിമതിയുണ്ടെന്നും ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്റെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നാലെ തങ്ങളോട് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികാര നടപടി പുലര്‍ത്തുകയായിരുന്നുവെന്നാണ് തിബ്രെവാള്‍ പറയുന്നത്.

നഷ്ടപരിഹാരം നല്‍കാതെയും മുന്നറിയിപ്പ് ഇല്ലാതെയുമായിരുന്നു ഹൈവേ വീതി കൂട്ടണമെന്നാവശ്യപ്പെട്ട് മൊഹല്ല ഹമീദ് നഗറിലെ തിബ്രേവാളിന്റെ ഇരു നില വീടും കടയും ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത്. 2019 സെപ്റ്റംബര്‍ 13നായിരുന്നു സംഭവം.

ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, നിയമം അനുസരിക്കാതിരിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ 16 കുറ്റങ്ങളാണ് പ്രതികളായ 26 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

വീട് പൊളിക്കുന്ന ദിവസം സ്വന്തം സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ലെന്നും കുടുംബത്തെ ബലമായി പുറത്തിറക്കുകയായിരുന്നുവെന്നും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്തരം നടപടികളെന്നും തിബ്രെവാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

പരാതി പരിഗണിച്ച് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് തിബ്രേവാളിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബുള്‍ഡോസര്‍ നീതി നിയമവാഴ്ചയ്ക്ക് സ്വീകാര്യമല്ലെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.

Content Highlight: Case against the officers who illegally demolished the journalist’s house