നെതര്‍ലാന്‍ഡിനെതിരെ മനുഷ്യാവകാശ സംഘടനകള്‍; യുദ്ധക്കുറ്റത്തിന് സര്‍ക്കാരിനെതിരെ കോടതി വിചാരണ
ആസ്റ്റര്‍ഡാം: ഇസ്രഈലിന് യുദ്ധ വിമാന ഭാഗങ്ങള്‍ കയറ്റുമതി ചെയ്ത് നെതര്‍ലാന്‍ഡ് ഭരണകൂടം യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ കോടതിയില്‍.
ബോംബര്‍ വിമാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള എഫ് -35 വിമാന ഭാഗങ്ങള്‍ ഇസ്രഈലിന് നെതര്‍ലാന്‍ഡ് കൈമാറ്റം ചെയ്തെന്ന സംഘടനകളുടെ പരാതിയില്‍ ഹേഗിലെ ജില്ലാ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫാം, റൈറ്റ്‌സ് ഫോറം, പി.എ.എക്‌സ് എന്നീ സംഘടനകളാണ് സര്‍ക്കാരിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന അതിക്രമങ്ങളില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളടക്കം മരണമടയുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു യുദ്ധക്കുറ്റത്തില്‍ തങ്ങളുടെ രാജ്യവും പങ്കാളിയായെന്ന് സംഘടനാ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഡച്ച് സര്‍ക്കാര്‍ ഇസ്രഈലിന് എഫ്-35 വിമാന ഭാഗങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഔദ്യോഗിക രേഖകളുണ്ടെന്നും സംഘടന പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ തന്നെ ഭാഗമായ ആംനസ്റ്റി ഇന്റര്‍നാഷണലും ഓക്‌സ്ഫാമും ഇസ്രഈലിന് ഫൈറ്റര്‍ ജെറ്റുകളുടെ കരുതല്‍ ശേഖരം നല്‍കുന്നതിലൂടെ നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുയാണെന്നാണ് പറയുന്നത്.
ജില്ലാ കോടതിയിലെ നിയമനടപടികള്‍ക്ക് മുമ്പായി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് രാജ്യത്തിന്റെ പ്രതിരോധ മന്ത്രി കജ്സ ഒല്ലോംഗ്രെന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റിന് അയച്ച കത്തില്‍ യുദ്ധത്തിന്റെ മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളില്‍ എഫ്-35 ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് പരാമര്‍ശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.