| Sunday, 12th April 2020, 8:46 pm

നിരീക്ഷണത്തിലിരിക്കെ സമരം ചെയ്ത തണ്ണീര്‍ത്തോട്ടെ പെണ്‍കുട്ടിക്കെതിരെ കേസ്; നടപടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തിലായിരിക്കെ, വീടിന് മുന്നില്‍ സമരം ചെയ്തതിന് തണ്ണീര്‍തോട്ടെ പെണ്‍കുട്ടിക്കെതിരെ കേസ്. കൊവിഡ് നിരീക്ഷണ മാര്‍ഗല നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കേസ്. പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോയമ്പത്തൂരില്‍നിന്നും നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയോട് നിരീക്ഷത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ സമീഹ മാധ്യമങ്ങളില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണവുമുണ്ടായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി നിരാഹാര സമരം ആരംഭിച്ചത്.

നിരീക്ഷണത്തിലുള്ള വ്യക്തി മുറിയ്ക്ക് പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. വീട്ടിലെ കുടുംബാംഗങ്ങളടക്കം ആരോടും ടുത്തിടപഴകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി ലംഘിച്ചെന്നാണ് പൊലീസിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്.

പെണ്‍കുട്ടി വീടിന് പുറത്തിറങ്ങി ആരോഗ്യ പ്രവര്‍ത്തകരോടും കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കാനെത്തിയ പൊലീസുകാരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കേസ്.

സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്ന തരത്തിലും പിതാവിനെ അപായപ്പെടുത്തണമെന്നുള്ള വിധത്തിലും പോസ്റ്റുകളും സന്ദേശങ്ങളും നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. തുടര്‍ന്ന് ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംഭവത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി ഇനിയും എടുത്തിട്ടില്ലെന്നും കതക് ചവിട്ടിയിളക്കിയതിനും പെണ്‍കുട്ടിയെ തള്ളിയിട്ടതിനും കേസ് എടുത്തിട്ടില്ലെന്നുമാണ് പിതാവ് പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more