| Thursday, 5th April 2018, 11:23 am

വര്‍ഗീയ പ്രസംഗം; ടി.ജിമോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പറവൂരില്‍ പൊതുപരിപാടിക്കിടെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജിമോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക് പരാതി. പ്രകോപനകരമായ പ്രസംഗം നടത്തിയതിന് മോഹന്‍ദാസിനെതിരെ 153 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് സ്വദേശിയായ അബ്ദുറഹ്മാന്‍ തെരുവത്താണ് പരാതി നല്‍കിയത്.

പൊതുവേദിയില്‍ മോഹന്‍ദാസ് നടത്തിയത് വര്‍ഗീയ പ്രഭാഷണമാണെന്നും കലാപത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ പ്രസംഗം നടത്തിയ മോഹന്‍ദാസിനെതിരെ പരാതി എടുക്കണമെന്ന് പരാതിയില്‍ ഹരജിക്കാരന്‍ പറയുന്നു.

തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ലെന്നും നീതി കിട്ടുന്നത് പ്രതീക്ഷിച്ച് കോടതി വരാന്തയില്‍ കാത്തു നില്‍ക്കേണ്ടവരല്ല ഹിന്ദുക്കളെന്നും പ്രസംഗത്തില്‍ മോഹന്‍ദാസ് പറഞ്ഞിരുന്നു. കോടതിയുടെ ദയയും കാത്ത് വരാന്തയില്‍ കണ്ണീരോടെ നില്‍ക്കുന്നതിന് പകരം സ്വന്തം അനിയനെക്കൊണ്ട് തല വെട്ടിച്ച വേലുത്തമ്പിയെ പോലെ പരസ്പരം വെട്ടി ചാകുന്നതാണെന്നും അന്തസ്സിലാത്ത ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ് മരണമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു.

ഇതാദ്യമായല്ല ടി.ജി മോഹന്‍ദാസ് വര്‍ഗീയ പ്രസ്താവനയിറക്കുന്നത്. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നും മോഹന്‍ദാസ് നേരത്തെ പറഞ്ഞിരുന്നു.

അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ പരാമര്‍ശത്തില്‍ മോഹന്‍ദാസിനെതിരായ കേസ് തള്ളണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കേസില്‍ ശരിയായി അന്വേഷണം നടക്കണമെന്നും ഇല്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നും കോടതി പറഞ്ഞിരുന്നു.

ടി.ജി മോഹന്‍ദാസിന്റെ പറവൂരിലെ വിവാദ പ്രസംഗം

ഞാന്‍ പറയുന്നത് കോടതികള്‍ വഴി വളരെ ബുദ്ധിമുട്ടി നമുക്ക് കുറേ ആശ്വാസമൊക്കെ കിട്ടിയെന്നു വരാം. പക്ഷെ ഒരു സമാജം കോടതിയില്‍ കയറിയിറങ്ങി ജീവിതം കളയാനുള്ളതല്ല. എനിക്കിപ്പോള്‍ ഈയൊരു മൈന്‍ഡ്സെറ്റും അതിനുള്ള ഒരാവേശവും ഒക്കെ ഉള്ളത് കൊണ്ട് ഞാനത് ചെയ്യുന്നു. എത്രപേര്‍ക്ക് ചെയ്യാന്‍ പറ്റും.

ഇതാണോ ഒരു ഹിന്ദു ചെയ്യേണ്ട ജോലി. കോടതി തിണ്ണ നിരങ്ങാന്നുള്ളതാണോ. ഇതില്ലാതെ തന്നെ 82ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കരുണാകരനെ പോലെയുള്ള ഒരു നേതാവിനെ നമുക്ക് ഭയപ്പെടുത്താന്‍ സാധിച്ചെങ്കില്‍ ഇന്നെന്തുകൊണ്ട് കഴിയില്ല.

ഒരു കാര്യം കളങ്കരഹിതമായി ഞാന്‍ പറയുന്നു, തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കും. കോടതിയില്‍ നിന്ന് ആശ്വാസം കിട്ടില്ല എന്നു ഞാന്‍ പറയില്ല. പക്ഷെ ആത്യന്തികമായി ഒരു സമാജം കോടതിയുടെ ദയയും കാത്ത് വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല. അതിലും ഭേദം സ്വന്തം അനിയനെക്കൊണ്ട് തല വെട്ടിച്ച വേലുത്തമ്പിയെ പോലെ പരസ്പരം വെട്ടി ചാകുന്നതാണ്. അന്തസ്സിലാത്ത ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ് മരണം.”” ടി.ജി മോഹന്‍ദാസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more