[share]
[]പനാജി: ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ പൊലീസ് കേസെടുത്തു.
തേജ്പാലിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഗോവ സൗത്ത് പൊലീസ് സൂപ്രണ്ട് വിജയ് സിങ് പറഞ്ഞു. ഫോണ്‍ ഉപയോഗിച്ചതിന് തേജ്പാലിനെ കൂടാതെ മറ്റ് ആറുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജയിലില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ദിവസങ്ങള്‍ക്ക് മുമ്പെ തേജ്പാലിന്റെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തേജ്പാലിന്റേതുള്‍പ്പെടെ എല്ലാ സെല്ലുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
തേജ്പാലും മറ്റ് നാലു പേരും കഴിയുന്ന ഒരു സെല്ലില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ തന്റേതല്ലെന്ന് തേജ്പാല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
മൊബൈല്‍ ഫോണുകളും എംപിത്രീ പ്ലെയറുകളും സിഗരറ്റ് പാക്കറ്റുകളും ഹെഡ് ഫോണുകളെല്ലാം മറ്റ് സെല്ലുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ അറസ്റ്റിലായത്. കേസിനെ തുടര്‍ന്നാണ് തെഹല്‍കയുടെ പത്രാധിപ സ്ഥാനം തേജ്പാല്‍ രാജി വെച്ചത്.
കഴിഞ്ഞയാഴ്ചയാണ് തേജ്പാലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗികാതിക്രമം, സ്ത്രികളെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് കോടതി മാര്‍ച്ച് നാലിലേയ്ക്ക് നീട്ടിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരിയ്ക്കുന്നത്.