ചെന്നൈ: തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍. ഹിന്ദു ദേവതയായ ആണ്ടാളിനെ “ദേവദാസി”യെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഹിന്ദു മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
Also Read: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാചമന്ദ്രന്‍ നായര്‍ അന്തരിച്ചു
സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കവിയ്ക്കതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചെന്നൈ, വിരുതനഗര്‍, രാജപാളയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വൈരമുത്തുവിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി 153 (എ), 295 (എ), 505 (2) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വൈരമുത്തുവിന്റെ പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ നടത്തിയത്. ഹിന്ദുമുന്നണിയെ കൂടാതെ ബി.ജെ.പിയും മറ്റ് ഹിന്ദു സംഘടനകളും പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് തന്റെ പരാമര്‍ശത്തില്‍ കവി മാപ്പ് പറഞ്ഞു. അതേസമയം വൈരമുത്തുവിന് പിന്തുണയുമായി പ്രമുഖ സിനിമ സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തി. ഡി.എം.കെ വര്‍ക്കിങ്പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, ടി.ടി.വി. ദിനകരന്‍ എം.എല്‍.എ എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.
ദിനമണി പത്രം ഈ മാസംഏഴിന് രാജപാളയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ആണ്ടാള്‍ ദേവതയെ ദേവദാസിയെന്ന് വൈരമുത്തു വിശേഷിപ്പിച്ചത്. ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിയായി ആണ്ടാള്‍ ജീവിച്ചു മരിച്ചെന്ന ഒരു പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ചായിരുന്നു കവി സംസാരിച്ചത്.