തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. വര്‍ക്കല ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്.
ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശ സമയത്ത് 2019ല്‍ വീട്ടില്‍ അതിഥിയായി താമസിച്ചിരുന്നപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഇക്കാര്യത്തില്‍ ഗിവഗിരി മഠത്തില്‍ പരാതി നല്‍കിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസെടുത്തത്. സ്വാമി ഗുരുപ്രസാദിനെതിരെ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അടുത്ത ഫെബ്രുവരി 25ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സ്വാമി ഗുരുപ്രസാദിന് കോടതി സമന്‍സും അയച്ചു.
നേരത്തെ ഈ പരാതി ഉന്നയിച്ച് അമേരിക്കന്‍ മലയാളിയായ യുവതി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ വര്‍ക്കല കോടതിയെ സമീപിച്ചതെന്നാണ് വിവരം.
2019 ജൂലൈ 19ന് പരാതിക്കാരിയുടെ ടെക്സസിലെ വീട്ടില്‍ വെച്ചാണ് പീഡന ശ്രമമുണ്ടായത്. തുടര്‍ന്ന് സംഭവം പുറത്ത് പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് വീട്ടമ്മയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.
അതോടൊപ്പം ഗുരുദേവന്റെ ഫോട്ടോയില്‍ തൊട്ട് ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന് സത്യം ചെയ്തതായും, തുടര്‍ന്ന് സ്വാമി ഗുരുപ്രസാദിന്റെ വൈകാരിക അവസ്ഥ കണ്ട് ഇക്കാര്യത്തില്‍ പരാതിപ്പെടേണ്ട എന്ന് വീട്ടമ്മയും ഭര്‍ത്താവും തിരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ വേറൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സ്വാമി ഗുരുപ്രസാദ് പരാതിക്കാരിക്ക് നഗ്നനായി യോഗ ചെയ്യുന്ന വീഡിയോയും മറ്റും അയച്ചുകൊടുക്കുകയും ഇവര്‍ക്കെതിരെ അടുത്തയാളുകളെ ഉപയോഗിച്ചുകൊണ്ട് സൈബര്‍ ആക്രമണങ്ങള്‍ നടത്തിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് വര്‍ക്കല കോടതിയെ പരാതിക്കാരി സമീപിച്ചത്.