തൃശൂര്‍: പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസിന്റേതാണ് നടപടി.
രോഗികളെ മാത്രം കൊണ്ടുപോകാനുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേന്ദ്രമന്ത്രി പൊലീസ് നിയന്ത്രണം ലംഘിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
സി.പി.ഐ മണ്ഡലം സെക്രട്ടറി സുമേഷ് നല്‍കിയ പരാതിയിലാണ് നടപടി. അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 279, 34 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. മോട്ടോര്‍ വാഹന നിയമം പ്രകാരം 179, 184, 188, 192 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആറ് മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. ആംബുലന്‍സിന്റെ നിയമപരമായ എല്ലാ സാധുതകളേയും ലംഘിച്ച് ജനത്തിരക്കിലൂടെയാണ് മന്ത്രി പൂരനഗരിയിലെത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കേസിലെ തുടര്‍ നടപടിയായി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്റപത്രം സമര്‍പ്പിക്കും.
നിലവില്‍ എം.വി.ഡിക്ക് മുമ്പാകെയുള്ള സുരേഷ് ഗോപിക്കെതിരായ പരാതിയിലും നടപടിയെടുക്കാന്‍ തീരുമാനമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം സേവാഭാരതിയുടെ ആംബുലന്‍സിലാണ് തൃശൂര്‍ പൂരത്തിനെത്തിയതെന്ന് സുരേഷ് ഗോപി സമ്മതിച്ചിരുന്നു.
ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അന്നേദിവസം കാലിന് വേദനയുണ്ടായിരുന്നെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഇക്കാരണത്താലാണ് ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിലെത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്റെ വാഹനം ചില ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ചെന്നും അവിടെ നിന്ന് തന്നെ രക്ഷിച്ച് ആംബുലന്‍സില്‍ തൃശൂരിലെത്തിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലന്‍സില്‍സുരേഷ് ഗോപി എത്തിയതിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയ സംഭവം സുരേഷ് ഗോപി നിഷേധിക്കുകയായിരുന്നു.
താന്‍ പൂരനഗരിയിലേക്ക് പോയത് ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ കാറിലാണെന്നും ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ചയാകാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ ഇതിനുപിന്നാലെ സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ രംഗത്തെത്തി.
സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ എത്തിയത് തന്റെ കാറിലാണെന്നും പിന്നീട് സഞ്ചരിച്ചത് ആംബുലന്‍സില്‍ തന്നെയാണെന്നുമാണ് അനീഷ് പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
Content Highlight: Case against Suresh Gopi for reaching thrissur pooram an ambulance