ശ്രീലക്ഷ്മി അറക്കലിനെതിരെ എഫ്.ഐ.ആര്‍; കേസെടുത്തത് മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതിയില്‍
Kerala News
ശ്രീലക്ഷ്മി അറക്കലിനെതിരെ എഫ്.ഐ.ആര്‍; കേസെടുത്തത് മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2020, 8:14 am

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ കേസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘മെന്‍സ് റൈറ്റ് അസോസിയേഷനാ’ണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു, അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ വ്യക്തമാക്കിയിരുന്നു. തന്റെ യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.

വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. വിജയ് പി നായരെ കൈകാര്യം ചെയ്യുകയും ശരീരത്തില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിജയ് പി. നായര്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ പേരിലുള്ള വ്യാജ യൂട്യൂബ് വീഡിയോകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഒരു യൂട്യൂബ് ചാനല്‍ മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കി ആ ചാനലിന്റെ പേരും കണ്ടന്റും പരസ്യമാക്കി ശ്രീലക്ഷ്മി രംഗത്തെത്തിയത്. യൂട്യൂബ് ചാനലില്‍ ടിക്ടോക്ക് വീഡിയോകളും അമ്മയുടെ രണ്ട് മൂന്നു കവിതകളും മാത്രമാണ് ഉളളതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.

തന്റെ ഫേസ്ബുക്ക് ലൈവില്‍ വന്ന് മോശമായി കമന്റിടുന്നവര്‍ മാന്യന്മാരും അവര്‍ക്ക് മറുപടി പറയുന്ന താന്‍ വേശ്യയുമാകുന്നതെങ്ങനെയാണെന്നും ശ്രീലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചിരുന്നു.

നിലവില്‍ മെന്‍സ് റൈറ്റ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Case against Sreelaksmi Arakkal on complaint filed by Men’s Right Association