ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.സെപ്റ്റംബര്‍ രണ്ടിന് ” അമുസ്ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി” എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെയും ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിന്റെ വീഡിയോകള്‍ കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതി
കോഴിക്കോട്: കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗത്തിന്റെ പേരില്‍ സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ പരാതി. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴി വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
സെപ്റ്റംബര്‍ രണ്ടിന് ” അമുസ്ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി” എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെയും ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിന്റെ വീഡിയോകള്‍ കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതിയെന്നും ഷുക്കൂര്‍ പറയുന്നു.
ശംസുദ്ദീന്റെ പ്രസംഗം രണ്ട് പ്രസംഗങ്ങളുടെ യൂട്യൂബ് വീഡിയോ ഉള്‍പ്പെടെയാണ് ഡൂള്‍ന്യൂസ് വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയുടെ ലിങ്കും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
“ഈ രണ്ട് പ്രഭാഷണങ്ങളും കേരളീയ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഇതര മത വിശ്വാസികളാട് ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യ ബന്ധങ്ങളും ഒഴിവാക്കണമെന്നു ആഹ്വാനം ചെയ്യുന്നതും ഇസ്‌ലാം മത വിശ്വാസികളെ ഈ രാജ്യത്തു നിന്നു തന്നെ പാലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതുമാണ്.” ഷുക്കൂര്‍ വിശദീകരിക്കുന്നു.
“മുസ്‌ലീങ്ങള്‍ മാത്രമുള്ള ഒരു രാജ്യത്തേക്കു ഇവിടുത്തെ മുസ്‌ലീംകളും യാത്ര പോകണം എന്നുള്ള ആഹ്വാനം നമ്മുടെ രാജ്യം നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഓഫ് ഇറാഖ് & സിറിയ ) എന്ന സംഘടന പോലുള്ളവ ഭരണം നടത്തുന്നിടത്തേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്നതാണ്. ഐസിസ് ആശയങ്ങളാണ് വാക്കുകള്‍ക്കിടയിലൂടെ അദ്ദേഹം തിരുകി വെക്കുന്നത്.
ഇത്തരം പ്രസംഗങ്ങള്‍ / പ്രഭാഷണങ്ങള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. സാധാരണക്കാരായ ഇസ്‌ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ ഇതര മത വിശ്വാസികളാട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി സമൂഹത്തില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം പോലും തകര്‍ക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണ് ഇയാളുടേതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കൂടാതെ ഐസിസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇയാളുടേത്. സോഷ്യല്‍ മീഡിയ വഴി ഇയാളുടെ പ്രസംഗം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആ പ്രസംഗം കേള്‍ക്കുവാനിടയുള്ള മുസ്‌ലീംകളല്ലാത്തവര്‍ സ്വാഭാവികമായും മുസ്‌ലീം സമൂഹത്തെ സംശയത്തോടെ നോക്കുവാന്‍ അത് കാരണമാകും.” എന്നും പരാതിയില്‍ സി. ഷുക്കൂര്‍ ചൂണ്ടിക്കാട്ടുന്നു.
ദഅ്‌വാ വോയ്‌സിലാണ് ഈ ഓഡിയോ അപ്‌ലോഡ് ചെയ്തുവന്നത്. പ്രസംഗം വിവാദമായതോടെ ഓഡിയോ ദഅ്‌വാ വോയ്‌സില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റില്‍ ഇതു വ്യത്യസ്ത ഇടങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്.
മുസ്‌ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തില്‍ പൊതു സമൂഹത്തില്‍ അമുസ്‌ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും ശംസുദ്ദീന്‍ പാലത്ത് പറഞ്ഞിരുന്നു.