തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്ന പി.വി.അന്‍വര്‍ എം.എല്‍.എയുടെ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഔദ്യോഗിക രഹസ്യ നിയമം എന്നീ നിയമങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഷാജന്‍ കേരള സംസ്ഥാന പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ 8 മിനിറ്റും 8 സെക്കന്റും ദൈര്‍ഘ്യമുള അതീവ രഹസ്യ വയര്‍ലെസ് മെസേജ് കേരള പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടര്‍ വയര്‍ലസ് സംവിധാനത്തില്‍ അധികമായി കടന്നു കയറി മോഷണം ചെയ്ത് കൈവശപ്പെടുത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഈ വയര്‍ലെസ് മെസേജ് മറുനാടന്‍ മലയാളി എന്ന ഫെയ്‌സ്ബുക്ക് ചാനലിലൂടെയും പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
പി.വി അന്‍വര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.