| Saturday, 3rd February 2024, 9:40 pm

കലാപാഹ്വാനം; ഗോഡ്സെയെ പ്രകീര്‍ത്തിച്ചതില്‍ ഷൈജ ആണ്ടവനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസെടുത്ത് പൊലീസ്. വിദ്യാര്‍ത്ഥി സംഘടനയായ എസ.എഫ്.ഐയുടെ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഗോഡ്‌സെയ്ക്ക് വീര പരിവേഷം നല്‍കികൊണ്ടുള്ള പ്രൊഫസറുടെ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വിവാദമായതോടെ, എസ്.എഫ്.ഐ കുന്ദമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.

എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു.

ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്ന് പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

കോഴിക്കോട് എന്‍.ഐ.ടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. അഡ്വ. കൃഷ്ണരാജ് ഇട്ട പോസ്റ്റിന് മറുപടിയായിട്ടാണ് പ്രൊഫസറുടെ ഈ കമന്റ്.

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ ആണെന്നായിരുന്നു അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റ്. ഇതിന്റെ കമന്റായിട്ടാണ് ഷൈജ ആണ്ടവന്‍ പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ എന്ന് കമന്റിട്ടത്.

എന്നാല്‍ ഗൗരവത്തിലുള്ള കമന്റല്ല ഇതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നുമാണ് ഷൈജ പ്രതികരിച്ചത്. കമന്റ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷൈജ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്ത ഉത്തരവ് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ മരവിച്ചതിന് പിന്നാലെയാണ് ഷൈജയുടെ പരാമര്‍ശം.

Content Highlight: Case against Shaija Andavan for glorifying Godse

We use cookies to give you the best possible experience. Learn more