| Sunday, 11th August 2013, 2:57 am

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം: ഷാരൂഖ് ഖാനും ഭാര്യ ഗൗരിക്കുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: ഷാരൂഖ് ഖാനും ഭാര്യ ഗൗരിക്കുമെതിരെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയതിനെതിരെ കേസ്. ഇരുവര്‍ക്കുമെതിരെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. []

കിങ് ഖാന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിയത് കടുത്ത നിയമ ലംഘനമാണെന്ന് കാണിച്ച് അഭിഭാഷകയായ വര്‍ഷ ദോശ്പാണ്ഡെയാണ് മുംബൈ കോടതിയില്‍ പരാതി നല്‍കിയത്.

ഗര്‍ഭപാത്രം വാടകക്കെടുത്താണ് ഷാരൂഖ് മൂന്നാമത്തെ കുഞ്ഞിന്  ജന്മം നല്‍കിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിയതിന് നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും അഭിഭാഷക നേരത്തെ പരാതി നല്‍കിയിരുന്നു.

പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വര്‍ഷ ദേശ്പാണ്ഡെ കോടതിയെ സമീപിച്ചിരിക്കുന്നത്. മാധ്യമവാര്‍ത്തകളെ തുടര്‍ന്നായിരുന്നു ഷാരൂഖിനും ഭാര്യ ഗൗരിക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും കോര്‍പ്പറേഷനും പരാതി നല്‍കിയത്.

മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ച വാര്‍ത്തയായിരുന്നു ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. ഭാര്യ ഗൗരിയുടെ ആഗ്രഹപ്രകാരമാണ് വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയതെന്ന് ഷാരൂഖ് വ്യക്തമാക്കിയിരുന്നു. ആമിര്‍ ഖാന്‍-കിരണ്‍ റാവു, സൊഹൈല്‍ ഖാന്‍-സീമ ദമ്പതികള്‍ക്കും കുട്ടികളുണ്ടായത് വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു.

റേഡിയോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ (ഇറിയ) ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയത് നിയമലംഘനമാണെന്ന് കാണിച്ച് ഷാരൂഖിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ 12-നു കേസ് പരിഗണിക്കും.

We use cookies to give you the best possible experience. Learn more