തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രതിഷേധസമരം നടത്തിയതില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍ കെ.എസ് ശബരീനാഥന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരസ്യമായ പ്രോട്ടോക്കോള്‍ ലംഘനവും ക്രമസമാധാന പ്രശ്‌നങ്ങളും നടത്തുകയാണ് സമരക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരമുള്ള നിയമനടപടിയാണ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 11 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉണ്ടായ സമരങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 385 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1131 പേര്‍ അറസ്റ്റ്1621 കേസുകളുമുണ്ട്. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, മഹിളാ മോര്‍ച്ച, കെ.എസ്.യു, എം.എസ്.എഫ്, യുവമോര്‍ച്ച, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളാിലായി അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ മാര്‍ഗനിര്‍ദേശ പ്രകാരം പ്രത്യേക ആവശ്യങ്ങള്‍ക്ക് 50 പേര്‍ വരെയാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളത്. എന്നാല്‍ സെപ്തംബര്‍ 21 മുതലാണ് രാഷ്ട്രീയ സാംസ്‌ക്കാരിക കല മതപരമായ കാര്യങ്ങള്‍ക്കായി 100 പേര്‍ക്ക് വരെ കൂടിച്ചേരാന്‍ അനുമതിയുള്ളത്. നിലവില്‍ മറ്റു കൂടിച്ചേരലുകള്‍ അനുവദിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവരും കാണുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ഒരുതരത്തിലും പാലിക്കുന്നില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. സമരവുമായി ബന്ധപ്പെട്ടവര്‍ മാസ്‌ക് ധരിക്കുന്നില്ല, സാമൂഹിക അകലം പാലിക്കുന്നില്ല. എല്ലാവരും കാണുന്ന കാഴ്ചയാണിത്.
ഇത് നിയമവിരുദ്ധമായ കൂട്ടംകൂടലായാണ് വരുന്നത്. പൊതുസ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്ന കുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. സ്വാഭാവികമായും ഇത്തരം ചെയ്തികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം. ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ അനാവശ്യമായ കൂട്ടംകൂടലുകളെക്കുറിച്ച് അഭിപ്രായം പറയുക മാത്രമല്ല, നിശ്ചിത കാലയളവില്‍ ഇത്തരം കൂടിച്ചേരലുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
‘സമരങ്ങളില്‍ ആവശ്യമായ ജാഗ്രത പാലിക്കുന്നില്ലെന്നും ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്‌കില്ലാത്ത, അകലം പാലിക്കാത്ത ഏതൊരു പ്രവര്‍ത്തനവും ഇക്കാലത്ത് നടത്തരുത്. അക്രമസമരം പൂര്‍ണ്ണമായും ഒഴിവാക്കണം. ഈ ഘട്ടത്തില്‍ ഇത്തരത്തിലുള്ള രീതികള്‍ നാടിനെതിരെയുള്ള വെല്ലുവിളിയായേ കണക്കാക്കാനാകൂ.’ മുഖ്യമന്ത്രി പറഞ്ഞു.
എന്‍.ഐ.എ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരികയാണ്. മിക്ക സ്ഥലങ്ങളില്‍ സമരം സംഘര്‍ഷാവസ്ഥയില്‍ എത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കെ.ടി ജലീലിനെ എന്‍.ഐ.എ വ്യാഴാഴ്ച ചോദ്യം ചെയ്തു. ആറ് മണിക്കൂറോളമായിരുന്നു മന്ത്രിയെ ചോദ്യം ചെയ്തത്.
സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക