| Friday, 9th December 2022, 12:13 pm

പൊതുവേദിയില്‍ അപമാനിച്ചു, ജാതീയ വിവേചനം കാണിച്ചു; എം.എല്‍.എ ശ്രീനിജന്റെ പരാതിയില്‍ സാബു എം. ജേക്കബിനെതിരെ ജാമ്യമില്ലാ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്റെ പരാതിയില്‍ കിറ്റെക്‌സ് ഉടമയും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷനുമായ സാബു ജേക്കബിനെതിരെ കേസ്. ജാതീയമായി അധിക്ഷേപിച്ചു എന്നതടക്കമുള്ള പരാതിയാണ് എം.എല്‍.എ നല്‍കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്തിരിക്കുന്ന കേസില്‍ സാബു ജേക്കബ് ഒന്നാം പ്രതിയാണ്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കാണ് രണ്ടാം പ്രതി.

പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്ന് മെമ്പര്‍മാരുമാണ് കേസിലെ മറ്റ് പ്രതികള്‍. പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവനിലെ കര്‍ഷക ദിനാഘോഷവേദിയില്‍ വെച്ച് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പി.വി.ശ്രീനിജന്‍ പരാതി നല്‍കിയിരിക്കുന്നത്. ഉദ്ഘാടകനായ ശ്രീനിജന്‍ വേദിയിലേക്ക് കയറുന്ന സമയത്ത് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി.

സദസിലിരുന്നുകൊണ്ട് തനിക്കെതിരെ ഇവര്‍ അവഹേളനം തുടര്‍ന്നുവെന്നും പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് തന്നെ ഇത്തരത്തില്‍ അധിക്ഷേപിച്ചത് ജാതീയ വിവേചനമായിരുന്നെന്നും പരാതിയിലുണ്ട്.

സാബു എം. ജേക്കബ് തനിക്കെതിരെ പരസ്യമായി വിലക്ക് പ്രഖ്യാപിച്ചിരുന്നെന്നും അതിന്റെ ഭാഗമാണ് പഞ്ചായത്ത് ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെന്നും ശ്രീനിജന്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ ഉടന്‍ തന്നെ എം.എല്‍.എ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജാതി വിവേചനമില്ലെന്നും നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തുടര്‍ന്ന് എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlight: Case against Sabu M Jacob in PV Sreenijan MLA’s compliant

We use cookies to give you the best possible experience. Learn more