| Thursday, 28th March 2024, 5:17 pm

സിദ്ധരാമയ്യെക്കെതിരെ തെറ്റായ വാര്‍ത്ത; റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെക്കെതിരെ തെറ്റായ വാര്‍ത്ത കൊടുത്തതിന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തു. കര്‍ണാടക പൊലീസ് വ്യാഴാഴ്ചയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

റിപ്പബ്ലിക് ടി.വിയുടെ കന്നഡ പതിപ്പിന്റെ എഡിറ്റര്‍ നിരഞ്ജനെതിരെയും കേസെടുത്തിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി വിദ്വേഷവും കുഴപ്പങ്ങളും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെയും കേസെടുത്തത്.

കോണ്‍ഗ്രസ് നേതാവ് രവീന്ദ്ര നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബെംഗളൂരു എസ്.ജെ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സിദ്ധരാമയ്യയുടെ വാഹനത്തിന് വഴിയൊരുക്കുന്നതിനായി എം.ജി റോഡില്‍ ഗതാഗതം നിര്‍ത്തിയെന്നും ആംബുലന്‍സ് തടഞ്ഞെന്നുമാണ് റിപ്പബ്ലിക് കന്നഡ ബുധനാഴ്ച വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ ആ സമയത്ത് സിദ്ധരാമയ്യ ബെംഗളൂരുവില്‍ ആയിരുന്നില്ലെന്നും മൈസൂരുവില്‍ ആയിരുന്നെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് പൊതുജനങ്ങളെ തെറ്റായി സ്വാധീനിക്കുമെന്നും അദ്ദേഹം പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: case against Republic TV’s Arnab Goswami over ‘false news’ on Siddaramaiah

We use cookies to give you the best possible experience. Learn more