'ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്തി'; രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രസംഗത്തിൽ കേസെടുത്ത് ബീഹാർ പൊലീസ്
national news
'ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്തി'; രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രസംഗത്തിൽ കേസെടുത്ത് ബീഹാർ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 10:48 pm

പാട്‌ന: ലോക്സഭയിൽ ഹിന്ദുക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ ബീഹാർ പൊലീസ് കേസെടുത്തു. നേരത്തെ മുസാഫർപൂരിലും രാഹുലിനെതിരെ കേസെടുത്തിരുന്നു.

രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശത്തിലൂടെ ഒരു പ്രത്യേക സമുദായത്തിൻ്റെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരനായ നിതേഷ് കുമാർ ഗിരി ആരോപിച്ചു. ബിഹാറിലെ ഷിയോഹറിലെ ഒരു കോടതിയും കേസ് സ്വീകരിച്ചിട്ടുണ്ട്.

ജൂലൈ 18ന് ഇതിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. രാഹുൽ ഗാന്ധി സഭയിൽ ദൈവങ്ങളുടെ ചിത്രം ഉയർത്തി നടത്തിയ പരാമർശങ്ങൾ തന്നെ ഏറെ വിശമിപ്പിച്ചെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.

ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബുധനാഴ്ച മുസഫർപൂർ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബി.ജെ.പിയുടെത് അക്രമ രാഷ്ട്രീയമാണെന്നാണ് സഭയിൽ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തമെന്ന് വിളിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള ബി.ജെ.പി എം.പിമാർ രംഗത്തെത്തി.

മോദിയുടെ പരാമർശത്തിൽ സഭയിൽ തന്നെ രാഹുൽ മറുപടി നൽകുകയും ചെയ്തിരുന്നു. താൻ ബി.ജെ.പി എന്നാണ് പറഞ്ഞതെന്നും തന്റെ പരാമർശം ഹിന്ദു സമൂഹത്തിനെതിരെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു സമൂഹം മോദിയുടെയോ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ കുത്തകയല്ലെന്നും മോദിയെ വിമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. പിന്നീട് രാഹുലിന്റെ പരാമർശങ്ങൾ സഭ റെക്കോർഡിൽ നിന്ന് സ്പീക്കർ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

 

Content highlight: Case Against Rahul Gandhi On Loksabha Hindu Remarks