കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് കേസ്.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വര്‍ ഒക്ടോബര്‍ 22 നാണ് ജാമ്യത്തിലിറങ്ങിയത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ജയിലില്‍ നിരാഹാരം കിടന്നിരുന്നു. തുടര്‍ന്ന് രാഹുലിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.
WATCH THIS VIDEO: