| Saturday, 20th October 2018, 9:10 pm

മതവികാരം വ്രണപ്പെടുത്തി: രഹ്‌ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: രഹ്‌ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രഹ്‌നക്കെതിരെ കേസെടുത്തിരിക്കുന്നത്.

തൃക്കൊടിത്താനം സ്വദേശി ആര്‍.രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തരിക്കുന്നത്.

കഴിഞ്ഞദിവസം പൊലീസിന്റെ കനത്ത സുരക്ഷയില്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയ്‌ക്കൊപ്പം നടപ്പന്തല്‍ വരെ രഹ്‌ന ഫാത്തിമ എത്തുകയും അവിടെയുണ്ടായിരുന്ന പ്രതിഷേധക്കാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങുകയും ചെയ്തിരുന്നു.


അതേസമയം, സന്നിധാനത്ത് നിന്നും പിന്മാറിയത് പിഞ്ചു കുഞ്ഞുങ്ങളെ വച്ച് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന് രഹ്ന പറഞ്ഞിരുന്നു. “പതിനെട്ടാം പടി കയറുന്നത് തടയാന്‍ കുട്ടികളെ നിലത്ത് കിടത്തി പീഡിപ്പിച്ചത് പല ചാനലുകളും കാണിച്ചില്ല. ഞങ്ങള്‍ എത്രസമയം ദര്‍ശനത്തിനായി കാത്ത് നിന്നാലും അത്രയും നേരം ആ പിഞ്ചുകുട്ടികള്‍ ആണ് പീഡിപ്പിക്കപെടുക എന്നത് കൊണ്ടാണ് പിന്മാറിയത്.

കുട്ടികളെ അനാചാരങ്ങളുടെ പേരില്‍ പീഡിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുക്കണം” എന്നും രഹ്ന പറഞ്ഞിരുന്നു. താന്‍ മല കയറിയാല്‍ മല അശുദ്ധമാകും എന്ന് ആരോപിച്ച തന്ത്രിക്കെതിരെ കേസ് കൊടുക്കും. ഈ കാലഘട്ടത്തിലും അയിത്തം തുടരുന്ന ഇവരില്‍ നിന്ന് പ്രസാദം സ്വീകരിക്കാന്‍ താല്‍പര്യമില്ല എന്നും രഹ്ന പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more