| Saturday, 28th December 2019, 8:27 am

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച റഫീഖ് അഹമ്മദിനും ഹരിനാരായണനും എതിരേ കേസ്; പ്രതിഷേധ പരിപാടികളില്‍ ഇനിയും പോകുമെന്ന് റഫീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ കേസ്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും മൈക്കുപയോഗിച്ചെന്നുമാണ് പൊലീസ് വാദം. ഗാനരചയിതാവ് ബി.കെ ഹരിനാരായണന് എതിരെയും കേസെടുത്തിട്ടുണ്ട്.

സംഗീത നിശ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. തൃശ്ശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

സംഗീതനിശ നടത്താന്‍ അനുമതി വേണമെന്നായിരുന്നു കോര്‍പ്പറേഷനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാട്ടുസമരമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് അനുമതി നേടി, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാതെ അതുപയോഗിച്ചു എന്നാണ് പൊലീസ് വാദം.

പ്രതിഷേധ പരിപാടിയാണെന്നു പറഞ്ഞാണു തന്നെ വിളിച്ചതെന്നും താന്‍ അതിഥിയായിരുന്നെന്നും തങ്ങളില്‍ ചിലര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉടന്‍ തന്നെ തിരിച്ചുപോയെന്നും റഫീഖ് അഹമ്മദ് ന്യൂസ് 18 കേരളത്തോടു പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണെന്നും ഇനിയും ഇത്തരം പരിപാടികളില്‍ വിളിച്ചാല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായാണു തന്റെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

We use cookies to give you the best possible experience. Learn more