| Thursday, 17th December 2015, 5:19 pm

ദുര്‍ഗ്ഗാദേവിയുടെ അവതാരമാണെന്ന് വാദം: രാധേമായ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാണ്ഡീഗഡ്:വിവാദ ആള്‍ദൈവം രാധേമാ പുതിയ വിവാദത്തിലേക്ക്. ദുര്‍ഗ്ഗദേവിയുടെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന രാധേമായ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഒരു പഞ്ചാബ് സ്വദേശി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ താമസിയാതെ പോലീസ് നടപടിയുണ്ടാവാനാണ് സാധ്യത. ഹര്‍ജിയില്‍ ബുധനാഴ്ച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി വാദം കേട്ടിരുന്നു.

ദുര്‍ഗ്ഗാദേവിയുടെ അവതാരമാണെന്ന് പ്രചരിപ്പിച്ച് രാധേമാ ആളുകളെ കബളിപ്പിക്കുകയാണെന്ന് ഹര്‍ജ്ജിക്കാരനായ സുരേന്ദര്‍ മിത്തല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. പൂജയ്ക്ക് ദൈവങ്ങളെ പോലെ വേഷം ധരിച്ചെത്തുന്നത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഹര്‍ജി പരിഗണിക്കവെ മൂന്ന് മാസത്തിനുള്ളില്‍ രാധേമായ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോടതി കപുര്‍ത്താല പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാധേമായ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മൂന്ന് മാസത്തിനുള്ളില്‍ അവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ക്രിഷന്‍ ദാദ്വാല്‍ പറഞ്ഞു. ഹര്‍ജിക്കൊപ്പം കപൂര്‍ത്താല പോലീസിലും സുരേന്ദര്‍ മിത്തല്‍ പരാതി നല്‍കിയിരുന്നു.

നേരത്തെ രാധേമായുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സുരേന്ദര്‍ മിത്തല്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ കൈക്കൂലി വാങ്ങല്‍, ഭീഷണിപ്പെടുത്തല്‍, ശല്യം ചെയ്യല്‍, വശീകരിക്കാന്‍ ശ്രമിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, അശ്ലീലത പ്രചരിപ്പിക്കല്‍ എന്നിവയാരോപിച്ച് രാധേമായ്‌ക്കെതിരെ സുരേന്ദര്‍ പരാതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more