| Wednesday, 4th September 2019, 10:39 am

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, വേദിയില്‍ നിന്ന് തള്ളിയിട്ടു; പി.ടി തോമസ് എം.എല്‍.എക്കെതിരെ പൊലീസില്‍ പരാതി നല്‍കി നഗരസഭാ അധ്യക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര എം.എല്‍.എ പി.ടി തോമസിനെതിരെ പൊലീസില്‍ പരാതി നല്‍കി തൃക്കാക്കര നഗരസഭാ അധ്യക്ഷ ഷീല ചാരു. മുണ്ടംപാലത്തെ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കം അറിഞ്ഞെത്തിയ തന്നെ പി.ടി തോമസ് ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്നും വേദിയില്‍ നിന്ന് തള്ളി താഴെയിട്ടെന്നുമാണ് ഷീല അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

അത്താണി മുണ്ടംപാലം റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്-സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഉദ്ഘാടനത്തിനെത്തിയ സ്ഥലം എം.എല്‍.എ പി.ടി തോമസിനെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സി.പി.ഐ.എം പ്രതിനിധിയായ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീലയെ പരിപാടിയ്ക്ക് ക്ഷണിക്കാത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐ.എം വാര്‍ഡ് കൗണ്‍സിലര്‍ സി.എ നിഷാദിനെ അധ്യക്ഷനാക്കിയിരുന്നെങ്കിലും ചെയര്‍പേഴ്‌സണായ ഷീല ചാരുവിനെ ക്ഷണിച്ചിരുന്നില്ല. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ സി.എ നിഷാദിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചടങ്ങ് നടക്കുന്ന മുണ്ടംപാലം ജംഗ്ഷനിലേക്ക് പ്രതിഷേധവുമായി നീങ്ങിയിരുന്നു. ഇത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

റോഡ് ഉദ്ഘാടനത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ നിഷാദ് അറിയിച്ചത് അനുസരിച്ചാണ് താന്‍ സ്ഥലത്തെത്തിയതെന്നും ബഹളത്തിനിടയില്‍ വേദിയിലുണ്ടായിരുന്ന പി.ടി തോമസ് എം.എല്‍.എയോട് കാര്യം തിരക്കാന്‍ ചെന്നപ്പോഴാണ് ജാതീയ അധിക്ഷേപത്തിന് ഇരയായതെന്നും ഷീല പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിപ്പോയ ആളോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ജാതീയ അധിക്ഷേപമെന്നും ഷീല പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെയാണ് തൃക്കാക്കര ചെയര്‍പേഴ്‌സണ്‍ ഷീല ചാരു കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. ഇതോടെ യു.ഡി.എഫിന് നഗരസഭ ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ചെയര്‍പേഴ്‌സണെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. എന്നാല്‍ എല്ലാവരെയും ക്ഷണിച്ചിരുന്നെന്നും സി.പി.ഐ.എം മനപ്പൂര്‍വം ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും പി.ടി തോമസ് എം എല്‍ എ പറഞ്ഞിരുന്നു.

എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സി.പി.ഐ.എമ്മിന്റെ വിശദീകരണം.

എം.എല്‍.എ ഉദ്ഘാടകനായ സമ്മേളനത്തിന്റെ വേദി തകര്‍ത്തതിന് ഷീല ഷാരു ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, വേദി തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more