മുസ്‌ലിം വിരുദ്ധ പ്രസംഗം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
Kerala
മുസ്‌ലിം വിരുദ്ധ പ്രസംഗം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th April 2019, 12:59 pm

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മുസ്‌ലീങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി.

ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീധരന്‍ പിള്ള നടത്തിയ വര്‍ഗീയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.

സി.പി.ഐ.എം നേതാവ് വി. ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിവന്‍കുട്ടിയുടെ മൊഴി ആറ്റിങ്ങല്‍ പൊലീസ് രേഖപ്പെടുത്തി.

‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്‌ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’- എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പുല്‍വാമയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

എന്നാല്‍ മുസ്‌ലീങ്ങള്‍ക്കെതിരെയല്ല, ഇസ്‌ലാമിക ഭീകരര്‍ക്കെതിരെയാണ് താന്‍ പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞത്.