തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ‘9’ സംസ്ഥാന ചലചിത്ര അവാര്‍ഡ് ലിസ്റ്റില്‍ പരിഗണിച്ചതിനെതിരെ പരാതിയുമായി ഒരു കൂട്ടം ഫിലിം മേക്കേഴ്‌സ്. സിനിമക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു.
ജൂറി അംഗങ്ങളുടെയോ അടുത്ത കുടുംബാംഗങ്ങളുടെയോ ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കരുതെന്ന നിയമമായ സെക്ഷന്‍ 111(6) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. കേരള ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ മകന്‍ ജെനൂസ് സംവിധാനം ചെയ്ത സിനിമയാണ് ‘9’.
2018ലും ഇത്തരത്തില്‍ സംഭവിച്ചുവെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അക്കാദമി ജൂറി അംഗമായ ബീനാ പോളിന്റെ ഭര്‍ത്താവ് വേണുഗോപാല്‍ ഒരുക്കിയ കാര്‍ബണ് ആറ് അവാര്‍ഡുകളും കമല്‍ സംവിധാനം ചെയ്ത ആമിക്ക് രണ്ട് അവാര്‍ഡുകളും ലഭിച്ചുവെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു.
ഈ തവണ കമലിന്റെ മകന്റെ ചിത്രവും പരിഗണിച്ചത് കാണിക്കുന്നത് കടുത്ത പക്ഷപാതിത്വമാണെന്നും ഫിലിം മേക്കേഴ്‌സ് പറയുന്നു. ഇത്തരമൊരു സംഭവം ഇനിയുമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കമല്‍ രാജി വെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. കെ രാജീവ് കുമാര്‍, ഇന്ദ്രന്‍സ് എന്നിവര്‍ തന്റെ ചിത്രം പരിഗണനയില്‍ വന്നപ്പോള്‍ രാജി വെച്ചതു പോലെ കമലും തത് സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ജെനൂസ് മുഹമ്മദിന്റെ ചിത്രം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. സെപ്തംബര്‍ 18നാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് കമല്‍ രംഗത്തെത്തിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനും ഇന്ദ്രന്‍സും അവരുടെ ചിത്രങ്ങള്‍ വന്നതുകൊണ്ടല്ല രാജിവെച്ചത് എന്നാണ് കമല്‍ പറയുന്നത്. അക്കാദമി അംഗങ്ങള്‍ക്ക് വ്യക്തിഗതമായി അവര്‍ഡുകള്‍ പാടില്ലെന്നാണ് നിയമം. ടി. കെ രാജീവ് കുമാര്‍ തന്റെ ചിത്രമായ ‘ശേഷം’ പരിഗണനിയില്‍ വന്നപ്പോള്‍ രാജിവെച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘9’ സിനിമയ്ക്ക് വേണ്ടി പൃഥ്വി രാജാണ് അപേക്ഷ നല്‍കിയതെന്നും ജെനൂസ് അല്ലെന്നും കമല്‍ പറയുന്നു. നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും മകന്റെ ചിത്രം പരിഗണനയില്‍ വന്നത് മുതല്‍ ജൂറി സെലക്ഷനില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും കമല്‍ പറയുന്നു.
അവാര്‍ഡിനായി പരിഗണിച്ച ചിത്രങ്ങളുടെ സ്‌ക്രീനിംഗ് ഉടന്‍ നടത്തുമെന്നും കൊവിഡായതിനാലാണ് നീണ്ടു പോയതെന്നും കമല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക