| Tuesday, 25th September 2018, 9:49 am

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചതിന് കേസ്: കേസ് ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചതിന് കേസ്. ജലന്ധര്‍ രൂപതയിലെ വൈദികന്‍ ലോറന്‍സ് ചാട്ടുപറമ്പലിന്റെ സഹോദരന്‍ തോമസിനെതിരെയാണ് കേസെടുത്തത്.

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം നടത്തിയെന്ന മഠത്തിലെ ജീവനക്കാരന്‍ പിന്റുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റാനും തോമസ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിനായി അസം സ്വദേശിയായ പിന്റുവിന് 200 രൂപ നല്‍കി. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയും സിസ്റ്റര്‍ അനുപമയും ഉപയോഗിക്കുന്ന ആക്ടീവ സ്‌കൂട്ടറിന്റെ ടയറിന്റെ വാല്‍ട്യൂബ് അഴിച്ചുവയ്ക്കുവാനും ബ്രേക്ക് വയര്‍ പകുതി വിച്ഛേദിക്കാനുമാണ് പണം നല്‍കിയതെന്ന് പിന്റു കന്യാസ്ത്രീയോട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്.

Also Read:പി.കെ. ശശിക്കെതിരായ കേസില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ തെളിവെടുക്കുന്നു; ഗൂഢാലോചനാ ആരോപണത്തിലും അന്വേഷണമുണ്ടാകും; പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം

പരാതിയുടെ അടിസ്ഥാനത്തില്‍ പിന്റുവിനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യുവാന്‍ 200 രൂപ തോമസ് തന്നുവെന്നും ടയറിന്റെ ട്യൂബ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും ബ്രേക്ക് വയര്‍ മുറിക്കാന്‍ പറഞ്ഞിട്ടില്ലെന്നും പിന്റു പൊലീസിനോടു പറഞ്ഞിരുന്നു.

അതിനിടെ വധഭീഷണിയുണ്ടെന്ന കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more