കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ വൈദികനടക്കം ആറു പേര്‍ക്കെതിരെ കേസ്. മാനന്തവാടി രൂപതാ പി.ആര്‍.ഒ സംഘാംഗമായ ഫാ.നോബിള്‍ പാറക്കലിനെതിരെയും മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയുമാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.
ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ കാണാന്‍ വന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ സി.സി ടിവി ദൃശ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് സമൂഹ്യ മാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ പരാതി.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മഠത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഫാദര്‍ നോബിള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചത്.
അടുക്കള വാതിലിലൂടെ പുരുഷന്മാരെ മഠത്തില്‍ കയറ്റി എന്നായിരുന്നു പ്രചരണം. എന്നാല്‍ മഠത്തിന്റെ പ്രധാന പ്രവേശന കവാടം മദര്‍ സുപ്പീരിയര്‍ സ്ഥിരമായി പൂട്ടി ഇടുന്നതിനാലാണ് അതിഥികളെ മറ്റൊരു വാതിലിലുടെ സ്വീകരിച്ചതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു.
എഫ്.സി.സി സന്യാസി സഭാംഗമായ സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ ലൂസിയെ വിവിധ അച്ചടക്കലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.