ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ എന്‍.ഡി.എ നേതാവ് പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.
ജോലി അന്വേഷിച്ച് ഫാം ഹൗസിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി. ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സഹകരിച്ചില്ലെങ്കില്‍ രേവണ്ണ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് രേവണ്ണയുടെ ആളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്നും ജെ.ഡി.എസ് പ്രവര്‍ത്തകന്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഹോളനരസിപുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ ഡി.ജി ഓഫീസിലെത്തിയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ നല്‍കിയ പരാതിയില്‍ ജെ.ഡി.എസ് പ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടുണ്ട്.
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ മുന്‍ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് സൂരജ് രേവണ്ണക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Content Highlight: Case against Prajwal Revanna’s brother Suraj over alleged physical assault