തൂത്തുക്കുടി: തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്. സി.ബി.ഐയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് ഇന്റസ്ട്രിയല്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ന്യൂസ് 18 തമിഴ്നാട്, പുതിയ തലമുറൈ എന്നീ ചാനലുകളാണ് സമരക്കാര്‍ക്കുനേരെ പൊലീസ് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സമരം നടക്കുന്ന ഇടത്തുനിന്നും ഏറെ മാറി പൊലീസ് വാഹനത്തിന് മുകളില്‍ നിന്നാണ് വെടിവെപ്പു നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
സമീപപ്രദേശത്തെ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നും പൊലീസ് ഏറെ അകലെയുള്ള സമരക്കാരെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തിയിരുന്നു.
ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു പൊലീസ് വെടിവെപ്പ് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ” ജനക്കൂട്ടം അക്രമാസക്തമാകുകയും പൊലീസ് വാഹനങ്ങള്‍ തീയിടുകയും കലക്ട്രേറ്റിനുനേരെ കല്ലെറിയുകയും ചെയ്തു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു പൊലീസ് വെടിവെപ്പുണ്ടായത്.” എന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം.
തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്നുയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.