കൊച്ചി: കൂത്തുപറമ്പ് വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ കേസാണ് റദ്ദാക്കിയത്.
കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയായിരുന്നു കേസ് ഫയല്‍ ചെയ്തത്.
കൊല്ലപ്പെട്ട രാജീവന്റെ സഹോദരന്‍ രാംദാസും മറ്റു ബന്ധുക്കളും നല്‍കിയ കേസ് ആണ് റദ്ദാക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അന്നത്തെ എ.എസ്.പി റവദ ചന്ദ്രശേഖര്‍ ,ഡി.വൈ.എസ്.പി ഹക്കിം ബത്തേരി, ഡെപ്യൂട്ടി കലക്ടര്‍ ടി.പി ആന്റണി, കോണ്‍സ്റ്റബിള്‍മാരായ ദാമോദരന്‍, ബാലചന്ദ്രന്‍ ,ശിവദാസ് എന്നിവര്‍ക്കെതിരെ കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1995 ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
സര്‍ക്കാര്‍ അനുമതിയോടെ വീണ്ടും കോടതിയെ സമീപിക്കുന്നതില്‍ തടസ്സമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിയോടെ റവദ ചന്ദ്രശേഖര്‍ ഒഴികെയുള്ളവര്‍ക്കെതിരെ ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടികള്‍ തുടരാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1994 നവംബര്‍ 25 നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. അന്ന് സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവന്‍ പങ്കെടുത്ത പൊതുപരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്.