ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. മകളേയും തന്നെയും അപമാനിച്ചു പ്രസംഗിച്ചെന്നു കാണിച്ച് സഖാഫിക്കെതിരെ കുട്ടിയുടെ പിതാവ് വടകര റൂറല്‍ എസ്.പിക്കു പരാതി നല്‍കിയിരുന്നു. കേസ് ഒതുക്കാന്‍ കൂട്ട് നില്‍ക്കാത്തതിനാലാണ് സഖാഫി അടക്കമുള്ളവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നു കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സഖാഫിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സഖാഫിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയകളിലും മറ്റും ഇത് വന്‍ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. പേരോടിന്റെ പ്രസ്താവനയില്‍ നിയമനടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു.
വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിറാജുല്‍ഹുദ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും പ്രമുഖ മതപണ്ഡിതനായ പേരോട് അബ്ദുറഹിമാന്‍ സഖാഫി 11.11.2014 ന് ദാറുല്‍ഹുദാ സ്‌കൂളില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്‌കൂള്‍ മാനേജ്‌മെന്റിനെ ന്യായീകരിക്കുന്ന പ്രസംഗത്തില്‍ പെണ്‍കുട്ടിയെയും മാതാവിനെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണുണ്ടായിരുന്നത്.
പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടിയുടെ മാതാവ് അറിഞ്ഞ കാര്യം സഖാഫിയുടെ വാക്കുകളില്‍ ഇങ്ങനെയാണ്- … “ഈ കുട്ടി ബലൂണിങ്ങനെ ഊതി വീര്‍പ്പിച്ച് , ബലൂണ്‍ ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ച് കളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത്… എന്താ ഇവിടെ സംഭവിച്ചത്, നിനക്കെന്താ പറ്റിയതെന്ന്. അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടി ഇങ്ങനെ ഒരു കാര്യം പറഞ്ഞു എന്നാണ് ഉമ്മയുടെ വിശദീകരണം. ”
ഇത്രയും പറഞ്ഞ് നിര്‍ത്തി സഖാഫിയുടെ ചോദ്യം ഇങ്ങനെ “ഈ കുട്ടിക്ക് ഈക്കളിയൊക്കെ കഴിഞ്ഞിട്ട് പിന്നേയും ഒരു ബലൂണുകൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കമനസ്സിലാവുന്നില്ല” ഇതു കഴിഞ്ഞ് സഖാഫി പരിഹസിച്ച് ചിരിക്കുകയും ചെയ്യുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.