കോഴിക്കോട്: പതഞ്ജലി ഉത്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങൾ നൽകിയതിന് കേരളത്തിൽ ആദ്യ കേസ് ഫയൽ ചെയ്തു. യോഗഭ്യാസി രാംദേവിനും സഹായി ബാലകൃഷ്ണക്കുമെതിരെയാണ് കേസ്.
കോഴിക്കോട്: പതഞ്ജലി ഉത്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങൾ നൽകിയതിന് കേരളത്തിൽ ആദ്യ കേസ് ഫയൽ ചെയ്തു. യോഗഭ്യാസി രാംദേവിനും സഹായി ബാലകൃഷ്ണക്കുമെതിരെയാണ് കേസ്.
ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് നിയമമനുസരിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് കോഴിക്കോട് ഡ്രഗ് കൺട്രോൾ വിഭാഗം കേസെടുത്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തയ്യാറാക്കിയ 35 മഹസറുകളിൽ ആദ്യത്തെ കേസാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തത്.
രാംദേവും ബാലകൃഷ്ണയും ഒന്നും രണ്ടും പ്രതികളായ കേസ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമാണ കമ്പനിയായ ദിവ്യ ഫാർമസിക്കെതിരെയാണ് ഫയൽ ചെയ്തിട്ടുള്ളത്. പ്രതികൾക്ക് ഉടൻ നോട്ടീസയക്കും. വിചാരണക്കായി കോടതിയിൽ ഹാജരാകേണ്ടിവരും.
രാജ്യത്ത് ആദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലിക്കെതിരെ ഒരു കേസ് ഫയൽ ചെയ്യുന്നത്. പതഞ്ജലിക്കെതിരെ നേരത്തെ തന്നെ ധാരാളം പരാതികൾ ഉയർന്നിരുന്നു.
ആറുമാസം തടവോ പിഴയോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിൽ ലൈംഗിക പ്രശ്നങ്ങൾക്കും വന്ധ്യതക്കും ശാസ്ത്രീയ പരിഹാരമായി പതഞ്ജലി പുറത്തിറക്കിയ അഞ്ചു മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിച്ചതിനാണ് കേസ്.
സംസ്ഥാന ഡ്രഗ് കൺട്രോളർക്ക് ജനകീയ ആരോഗ്യ പ്രവർത്തകൻ ഡോ. ബാബു നൽകിയ പരാതിയിലാണ് നടപടി. പരസ്യം നൽകിയ പത്ര സ്ഥാപനങ്ങൾക്ക് പുറമേ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളർ ഷാജി. എം. വർഗീസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഡ്രഗ്സ് ഇൻസ്പെക്ടർ കെ. നീതുവിനാണ് അന്വേഷണം ചുമതല.
Content Highlight: Case against Patanjali in Kerala too; notice will be sent soon